തൃശൂര്‍: കോടതി വിധികളും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങളും ഇന്റലിജന്‍സ് റിപ്പോര്‍ട്ടും അവഗണിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ സുരക്ഷ അട്ടിമറിച്ചത് ഉന്നത രാഷ്ട്രീയ നേതൃത്വം. നൂറ് മീറ്റര്‍ ചുറ്റളവില്‍ ഭൂമി ഏറ്റെടുത്ത് സുരക്ഷാ നടപടികള്‍ കൈക്കൊള്ളണമെന്ന പ്രധാന നിര്‍ദ്ദേശം കച്ചവട ലോബിക്കും റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ക്കും വേണ്ടി യുഡിഎഫ് സര്‍ക്കാര്‍ അട്ടിമറിക്കുകയായിരുന്നു.ഒരു മന്ത്രിയുടെ ബന്ധുവിന്റെ സ്ഥാപനം ഒഴിഞ്ഞുകൊടുക്കേണ്ടി വരുമെന്ന ഘട്ടത്തിലാണ് നടപടികള്‍ക്ക് പൂട്ട് വീണത്.
ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ പ്രശ്നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ച കൃഷ്ണനുണ്ണി കമ്മീഷന്റെയും പ്രധാന നിര്‍ദ്ദേശങ്ങളിലൊന്ന് നൂറ് മീറ്റര്‍ ചുറ്റളവില്‍ ഭൂമി ഏറ്റെടുക്കണമെന്നതായിരുന്നു. 1994 ജനുവരി 10ന് ഹൈക്കോടതിയുടെ ഉത്തരവുമുണ്ടായി. എന്നാല്‍ നടപടികള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ മടിച്ചതോടെ സംഘടനകള്‍ ഹൈക്കോടതിയെ സമീപിച്ചു. ഇതിനിടയില്‍ കോടതി ഉത്തരവ് മറികടന്ന് പത്ത് മീറ്ററില്‍ സ്ഥലം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു.
സംഘടനകള്‍ വീണ്ടും കോടതിയിലെത്തി. നൂറ് മീറ്റര്‍ തന്നെ ഏറ്റെടുക്കണമെന്നും ആദ്യ ഘട്ടമായി 25 മീറ്റര്‍ ഏറ്റെടുക്കുന്നതിന് നടപടികള്‍ ആരംഭിക്കണമെന്നും 2003 ജൂലൈ ഒന്നിന് ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഉത്തരവിട്ടു. ഭക്തജനങ്ങളും പ്രതിഷേധമുയര്‍ത്തിയതോടെ കോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായി. എന്നാല്‍ 25 മീറ്റര്‍ ഏറ്റെടുത്ത ശേഷം നടപടികള്‍ നിര്‍ത്തി. ഇതിനെതിരെ സംഘടനകള്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു.2008 ജൂലൈ 11ന് പുറപ്പെടുവിച്ച ഉത്തരവില്‍ നൂറ് മീറ്റര്‍ തന്നെ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. നടപടികള്‍ അന്തിമഘട്ടത്തിലെത്തിയപ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ പിന്മാറി.
~ഒരു മന്ത്രിയുടെ മരുമകന്റെ കിഴക്കേ നടയിലുള്ള സ്ഥാപനം നഷ്ടപ്പെടുമെന്നതായിരുന്നു കാരണം. ഇതിനു പുറമെ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ചില കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇവിടെ ബിനാമി സ്ഥാപനങ്ങള്‍ ഉള്ളതായും ആരോപണമുണ്ട്.
ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഗുരുവായൂരില്‍ സുരക്ഷ ശക്തമാക്കുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനത്തിന് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. നൂറ് മീറ്റര്‍ ചുറ്റളവില്‍ ഭൂമി ഏറ്റെടുത്ത് സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണമെന്നാണ് കേന്ദ്രവും ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് അട്ടിമറിച്ച ദേവസ്വം ബോര്‍ഡ് ഇപ്പോള്‍ 25 മീറ്റര്‍ ചുറ്റളവ് അതിര്‍ത്തിയാക്കി വേലികെട്ടാനുള്ള തീരുമാനമാണ് എടുത്തിരിക്കുന്നത്.
നിലവില്‍ തിരക്ക് നിയന്ത്രിക്കാനും സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനും സ്ഥലപരിമിതി തടസമാകുന്നുണ്ട്. ക്ഷേത്രകവാടത്തിന് തൊട്ടടുത്ത് വച്ചാണ് ഇപ്പോള്‍ മെറ്റല്‍ ഡിറ്റക്ടര്‍ വെച്ച് പരിശോധന നടത്തുന്നത്. ഇത് 25 മീറ്റര്‍ അകലേക്ക് മാറ്റണമെന്ന് റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: