കൊച്ചി: എന്നും നീതിക്കും ന്യായത്തിനും വേണ്ടി പൊരുതിയ വ്യക്തിത്വം. ഒറ്റവാക്കില്‍ നീതിയുടെ കാവലാള്‍. ആ മഹാത്മാവിനെ അവസാനമായി ഒരു നോക്ക് കാണാന്‍, ആദരാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങളാണ് കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തിലേക്ക് എത്തിച്ചേരുന്നത്.
ഇന്നു രാവിലെ ഒമ്പതോടെ വിലാപയാത്രയായാണ് മൃതദേഹം വസതിയായ സദ്ഗമയയില്‍ നിന്ന് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലേക്ക് കൊണ്ടുവന്നത്. സാമൂഹിക സാംസ്ക്കാരിക രാഷ്ട്രീയ മേഖലകളിലെ പല പ്രമുഖരും സഥലത്തെത്തിയിട്ടുണ്ട്.
പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്, മന്ത്രി കെ. ബാബു, ഡൊമിനിക് പ്രസന്റേഷന് എംഎല്‍എ, രാമചന്ദ്രന് കടന്നപ്പള്ളി, വരാപ്പുഴ ആര്‍ച്ച് ബിഷപ് ഡോ. ഫ്രാന്‍സീസ് കല്ലറയ്ക്കല്‍, ജഡ്ജിമാര്‍, അഭിഭാഷകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. നിരവധി വൈദികരും സന്യസ്തരും കൃഷ്ണയ്യര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
കോടതി ജഡ്ജിമാരും കേരളത്തിലെ മിക്ക ജില്ലകളില്‍ നിന്നുള്ള അഭിഭാഷകരും ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിട്ടുണ്ട്. ഇന്നു രാവിലെ നിയമസഭ ആദരാഞ്ജലി അര്‍പ്പിച്ചു പിരിഞ്ഞശേഷം മന്ത്രിമാരും മറ്റു പ്രമുഖരും കൊച്ചിയിലെത്തും.
സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസുകൂടിയായ കേരള ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി, അഭ്യന്തര മന്ത്രി, എന്നിവര്‍ ഇന്നലെത്തന്നെ എത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരുന്നു.
സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ പൗരാവലിയുടെ ഒഴുക്കിനെ നിയന്ത്രിക്കാന്‍ പൊലീസും പാടുപെട്ടു. തിരക്കൊഴിയുന്നതനുസരിച്ച് മൃതദേഹം തിരികെ വീട്ടിലെത്തിക്കും.
വീട്ടിലെ ചടങ്ങുകള്‍ക്ക് ശേഷം മൃതദേഹം വിലാപയാത്രയായി രവിപുരം ശ്മശാനത്തിലേക്ക് കൊണ്ടുപോകും. അവിടെ ജില്ലാ കളക്ടര്‍ രാജമാണിക്യത്തിന്റെ നേതൃത്വത്തില്‍ മൃതശരീരം ഏറ്റുവാങ്ങും.
വൈകിട്ട് ആറോടെ പൂര്‍ണ ബഹുമതികളോടെ സംസ്ക്കാര ചടങ്ങുകള്‍ നടക്കും. നീതിയുടെ കാവലാള്‍ ഒരു ഓര്‍മ്മ മാത്രമായി അവശേഷിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: