തിരുവനന്തപുരം: അന്തരിച്ച ജസ്റ്റീസ് വി.ആര്. കൃഷ്ണയ്യരോടുള്ള ആദരസൂചകമായി നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു.
കൃഷ്ണയ്യരുടെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി നിയമസഭ പിരിയുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നേരത്തെ തന്നെ അറിയിച്ചിരുന്നു.
കൃഷ്ണയ്യരുടെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ അംഗങ്ങള്‍ക്ക് സൗകര്യം ഒരുക്കാനാണ് സഭ മറ്റു നടപടി ക്രമങ്ങള്‍ റദ്ദ് ചെയ്ത് ഇന്നത്തേക്ക് പിരിയുന്നതെന്ന് രാവിലെ 8.30ന് സഭ സമ്മേളിച്ചയുടന്‍ ഡപ്യൂട്ടി സ്പീക്കര്‍ എന്‍.ശക്തന് വ്യക്തമാക്കി.
ചോദ്യോത്തരവേളയും ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയങ്ങളും അനൗദ്യോഗിക അംഗങ്ങളുടെ കാര്യങ്ങളും റദ്ദ് ചെയ്യുന്നതായി ഡപ്യൂട്ടി സ്പീക്കര്‍ അറിയിച്ചു. തുടര്‍ന്ന് സഭാ നേതാവും കാര്യോപദേശ സമിതി അംഗവുമായ മുഖ്യമന്ത്രി സമിതിയുടെ പത്തൊമ്പതാമത് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
കേരള കാര്‍ഷിക സര്‍വകലാശാല ഭേദഗതി ബില്‍, കേരള മത്സ്യവിത്ത് ബില്‍ എന്നിവ സംബന്ധിച്ച സബ്ജക്ട് കമ്മിറ്റിയുടെ റിപ്പോര്‍ട്ടുകള്‍ കൃഷിമന്ത്രി കെ.പി.മോഹനന് സമര്‍പ്പിച്ചു.
കേരള മാരിടൈം ബോര്‍ഡ് ബില്‍ സംബന്ധിച്ച സബ്ജക്ട് കമ്മിറ്റി റിപ്പോര്‍ട്ട് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞും പിന്നാക്ക സമുദായക്ഷേമ സമിതിയുടെ ആറ് മുതല്‍ എട്ട് വരെയുള്ള റിപ്പോര്‍ട്ടുകള്‍ സമിതി അദ്ധ്യക്ഷന്‍ സി.മമ്മൂട്ടിയും സമര്‍പ്പിച്ചു. തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: