തിരുവനന്തപുരം: ബിഷപ്പ് കെ.പി. യോഹന്നാന് ഹാരിസണില്‍ നിന്നും ഭൂമി വാങ്ങിയതും വ്യാജരേഖകള്‍ ചമച്ച്. മതിയായ രേഖകളില്ലാത്ത ഹാരിസണിന്റെ 2263 ഏക്കര്‍ ഭൂമിയാണ് കെ.പി യോഹന്നാന് വ്യാജ സര്‍വ്വേ നമ്പരുകള്‍ ഉപയോഗിച്ച് വില്പന നടത്തിയത്. ഈ ഭൂമി ഏറ്റെടുത്തുകൊണ്ട് സ്പെഷ്യല്‍ ഓഫീസര്‍ എം.ജി. രാജമാണിക്യം ഉടന്‍ ഉത്തരവ് പുറപ്പെടുവിക്കും.
കോട്ടയം കാഞ്ഞിരപ്പള്ളി താലൂക്കില്‍ എരുമേലി വില്ലേജിലെ ചെറുവള്ളി എസ്റ്റേറ്റാണ് ഹാരിസണ്‍ മറിച്ചുവിറ്റത്. കെ.പി യോഹന്നാന് വില്പന നടത്തിയ ഭൂമി 1600/1923 -ാം നമ്പര്‍ ഉടമ്പടിയില്‍ ഉള്ളതാണ്.
1923 ല്‍ മലയാളം പ്ലാന്റേഷന്റെ പേരില്‍ ജോണ്‍ മാക്കി ഉണ്ടാക്കിയ വ്യാജകരാര്‍ ഉടമ്പടിയാണിതെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. 1600/1923-ാം നമ്പര്‍ കരാര്‍ ഉടമ്പടി ഇംഗ്ലണ്ടിലെ ജോണ്‍ ഡിക്കിന്‍സണ്‍ ആന്റ് കമ്പനിയുടെ വാട്ടര്‍മാര്‍ക്കുള്ള പേപ്പറില്‍ തയ്യാറാക്കിയിട്ടുള്ളതാണെന്ന് വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.
കരാര്‍ ഉടമ്പടിയായതിനാലാണ് കമ്പനി പകര്‍പ്പുകള്‍ മാത്രമാണുള്ളത്. രാജഭരണകാലത്ത് യഥാര്‍ത്ഥ കരാറുകള്‍ക്ക് ഉപയോഗിച്ചിരുന്ന ശംഖ് മുദ്രയുള്ള വാട്ടര്‍മാര്‍ക്കാണ്. ഇക്കാര്യം പുരാവസ്തു വകുപ്പിലെ രേഖകളിലുണ്ട്.
1923 ലെ കരാര്‍ ഉടമ്പടിയില്‍ ഇത്തരം മുദ്രകള്‍ ഒന്നുമില്ല. അതുകൊണ്ടുതന്നെ ഹാരിസണിന്റെ 1600/1723 നമ്പര്‍ കരാര്‍ ഉടമ്പടിക്ക് സാധുതയില്ലെന്നും വിജിലന്‍സ് കണ്ടെത്തിയിരുന്നു.
1600/1923-ാം നമ്പര്‍ ഉടമ്പടി മുന്‍ ആധാരമായി കാണിച്ചാണ് ഹാരിസണ്‍ യോഹന്നാന് ഭൂമി കൈമാറിയത്. എന്നാല്‍ വിചിത്രമായ വസ്തുത ഈ ഉടമ്പടിയുടെ കീഴില്‍ വരുന്ന ഒരു സര്‍വ്വേ നമ്പര്‍ പോലും വില്പന ആധാരത്തില്‍ ഉപയോഗിച്ചില്ല എന്നതാണ്.
പകരം മറ്റു സര്‍വ്വേ നമ്പരുകള്‍ ഉപയോഗിച്ചു. ഹാരിസണിന്റെ വ്യാജരേഖകളെ കുറിച്ച് അന്വേഷിച്ചപ്പോള്‍ കെ.പി. യോഹന്നാന്റെ ഭൂമി ഇടപാടിനെക്കുറിച്ചും വിജിലന്‍സ് അന്വേഷിച്ചിരുന്നു.
കെ.പി യോഹന്നാന്റെ വക്കീല്‍ വിജിലന്‍സിനു മുമ്പാകെ പറഞ്ഞത് യോഹന്നാനു കൈമാറിയ ഭൂമി 16000/ 1923 നമ്പര്‍ ഉടമ്പടിയിലുള്ളതല്ലെന്നാണ്. എന്നാല്‍ വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ വില്പന ആധാരം തയ്യാറാക്കിയിരിക്കുന്നത് 1600/1923-ാം നമ്പര്‍ ഉടമ്പടി പ്രകാരമാണെന്ന് കണ്ടെത്തുകയും ചെയ്തു. ഇക്കാര്യങ്ങള്‍ വിജിലന്‍സ് സ്പെഷ്യല്‍ ഓഫീസറെയും റവന്യൂ വകുപ്പിനെയും അറിയിക്കുകയും ചെയ്തു. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ബിഷപ്പ് യോഹന്നാന് ഭൂമിയില്‍ യാതൊരു അവകാശവുമില്ലെന്ന് വ്യക്തമായി.
ആറന്മുളയില് ഏക്കര്‍ കണക്കിന് നിലം നികത്തി സ്വകാര്യ വിമാനത്താവളം പണിയാന്‍ സര്‍ക്കാര്‍ കൂട്ടുനിന്ന സമയത്തു തന്നെ യോഹന്നാന്റെ ഭൂമി സര്‍ക്കാര്‍ ഭൂമിയാണെന്ന് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു.
ഏക്കര്‍ കണക്കിനുള്ള ഭൂമി ഏറ്റെടുത്താല്‍ പോലും നിര്‍ദ്ദിഷ്ട വിമാനത്താവള പദ്ധതി ഇവിടെ യാഥാര്‍ത്ഥ്യമാക്കാമായിരുന്നു. വിമാനത്താവളപദ്ധതിക്കായി ഈ ഭൂമി ഉപയോഗപ്പെടുത്താമെന്ന് ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു. പക്ഷെ ഉന്നതങ്ങളിലെ ഇടപെടല്‍ മൂലം സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ മൗനം പാലിക്കുകയാണുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: