ചരിത്രത്തിന്റെ തുറസ്സായ കൊച്ചി ടിഡിഎം ഗ്രൗണ്ടിലെ വെയിലാറിയ ഒരു സായാഹ്നം. ലളിതകലാ അക്കാദമിയുടെ മുന്‍ഭാഗത്തെ തണലില്‍ കൗതുകത്തിന്റെ പൂത്തിരി കത്തിച്ച മുഖങ്ങളുമായി കുറച്ചുകുട്ടികളും മുതിര്‍ന്നവരും. അവര്‍ ആരെയോ പ്രതീക്ഷിക്കുകയാണ്. കുറച്ചുകഴിഞ്ഞപ്പോള്‍ രണ്ടു ചെറുപ്പക്കാരുടെ സഹായത്തോടെ ഇടറിയ കാല്‍വെപ്പുമായി കടന്നുവരുന്ന വൃദ്ധന്. അദ്ദേഹത്തിന്റെ കാല്‍തൊട്ടു തൊഴുന്ന കുട്ടിക്കൂട്ടവും മുതിര്‍ന്നവരും. അവരുടെ ശിരസ്സില്‍ കൈവച്ചനുഗ്രഹിച്ച് കുശലം പറയുന്ന വൃദ്ധന്. അതുകൊണ്ട് ആദരവോടെ മറ്റുള്ളവരും കൈകൂപ്പുന്നു. ഇത് നിയമത്തിന്റെ കാവലാളും നീതിയുടെ സംരക്ഷകനുമായ ജസ്റ്റിസ്. വി.ആര്.കൃഷ്ണയ്യര്‍.
നീതിയുടെ ഇത്തരമൊരു വഴികാട്ടി കേരളത്തില്‍ ജീവിച്ചിരുന്നുവെന്ന് ഭാവിയിലെ മലയാളി അതിശയത്തോടെ ഓര്‍മയില്‍ ചേര്‍ത്തുവെക്കും. നിത്യവും ആരോപണത്തിന്റെ പ്രതിക്കൂട്ടിലാകുന്ന ന്യായാധിപന്മാര് അനേകമുള്ള നമ്മുടെ നാട്ടില്‍ അത്രയ്ക്കൊന്നും മനുഷ്യപ്പറ്റുള്ള ജഡ്ജിമാര്‍ കാണാത്തുതുകൊണ്ടാണ് വി.ആര്.കൃഷ്ണയ്യരെന്ന ജസ്റ്റീസ് അത്രതന്നെ ജനകീയനാകുന്നത്. ഭരണഘടനയനുസരിച്ച് നിയമം വ്യാഖ്യാനിക്കേണ്ട ന്യായാധിപന് ജനകീയനാകില്ലെന്നു പറയുന്നവര്‍ എങ്ങനെ ഒരേയൊരു കൃഷ്ണയ്യര്‍ മാത്രം അങ്ങനെയായി എന്നുള്ളതിന് ഉത്തരം കണ്ടെത്തേണ്ടതുണ്ട്. നിയമം വ്യാഖ്യാനിക്കുമ്പോള്‍ മനുഷ്യനെ പൂര്‍ണമായും മറക്കരുതെന്നാവും ഇതിനുള്ള ഉത്തരങ്ങളില്‍ ആദ്യം.
നീതിന്യായ-സാമൂഹ്യ-സാംസ്കാരിക പൊതുമണ്ഡലത്തിലെ നേരിന്റെ സാന്നിദ്ധ്യമുള്ള അദ്ധ്യായമാണ് കൃഷ്ണയ്യരുടെ മരണത്തോടെ അടയുന്നത്. സംവാദംകൊണ്ട് പൊതുമണ്ഡലം സജീവമാക്കി നിര്‍ത്തിയ സുഹൃത്തുക്കളുടെ ഈ സ്വാമി വിവാദങ്ങളുടെയും കൂട്ടുകാരനായിരുന്നു. ചോദിക്കുന്നതെന്തിനും തനതായ ഉത്തരമുണ്ടാക്കുന്ന ചില വിവാദങ്ങളാകട്ടെ ഒടുക്കം സംവാദങ്ങളുടെ മാനങ്ങളിലേക്കുയര്ന്നിരുന്നു. അഭിഭാഷകനായും മന്ത്രിയായും ന്യായാധിപനായും അസാധാരണ വ്യക്തിത്വം പുലര്‍ത്തിയ അദ്ദേഹം പദവികളില്ലാതെ സാധാരണക്കാരനായപ്പോഴും അസാധാരണനായിരുന്നു. ലോകശ്രദ്ധ പിടിച്ചുപറ്റിയവയാണ് അദ്ദേഹത്തിന്റെ വിധിന്യായങ്ങള്‍. ‘
സാമൂഹിക പ്രശ്നങ്ങളില്‍ പൊതുതാല്‍പ്പര്യ ഹര്‍ജികളിലൂടെയുള്ള ഇടപെടലായിരുന്നു ജഡ്ജി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രത്യേകത. നിയമത്തിന്റെ വഴിവെട്ടിത്തുറന്ന് അദ്ദേഹം അശരണരുടെ കൂടെ നിന്നു. ജുഡീഷ്യറിയുടെ സ്വതന്ത്രസ്വഭാവത്തിന്റെ നാഴികക്കല്ലായി വിശേഷിപ്പിക്കുന്നതാണ് ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പു കേസില്‍ അദ്ദേഹത്തിന്റെ വിധിയെഴുത്ത്. നീതിന്യായ വഴികളില്‍ അഹിംസയുടെ പാഠംകൂടി ഓര്‍മിപ്പിച്ചിട്ടുണ്ട്. കൃഷ്ണയ്യര്‍. അഹിംസയുടെ പാഠംപഠിപ്പിച്ച ഗാന്ധിയുടെയും ബുദ്ധന്റെയും നാട്ടില്‍ വധശിക്ഷ സ്വീകാര്യമാകുന്നതെങ്ങനെയെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
പ്രായമായിട്ടും വാര്ധക്യമാകാത്തതെന്തെന്ന് അദ്ദേഹത്തോട് മൗനമായി പലരും ചോദിച്ചിട്ടുണ്ടാകാം. നീതിയോടുചേര്ന്നു നിന്നു മനഃസാക്ഷിയാകണം എന്നും അദ്ദേഹത്തെ ചെറുപ്പമാക്കിയത്. പ്രൗഢഗംഭീരമായ ശബ്ദവും അഴകും മൂര്‍ച്ചയുമുള്ള വാക്കും തേയാത്ത ഓര്‍മയുംകൊണ്ട് നൂറാംവയസ്സിലും നിത്യഹരിതനായിരുന്നു ജസ്റ്റിസ്. ‘ഇനിയുമേറെ ചെയ്യാനുണ്ട്, എഴുതാനുണ്ട്, എന്നാണ് നൂറാം വയസിലേക്ക് കടക്കവെ അദ്ദേഹം പറഞ്ഞത്.
പെന്ഷന് പറ്റുന്ന ജഡ്ജിമാര്‍ സര്‍ക്കാര്‍ പദവിയിലും അധികാരവും നേടിയെടുക്കാന്‍ പരക്കംപായുമ്പോള്‍ കൃഷ്ണയ്യര്‍ തികച്ചും വ്യത്യസ്തനായിരുന്നു. ന്യായാധിപനായി വിരമിച്ചശേഷം സര്‍ക്കാര്‍ പദവികളൊന്നും ഏറ്റെടുക്കാതെ സാധാരണക്കാര്‍ക്കൊപ്പം നിന്ന് അനീതിക്കെതിരായി 34 വര്‍ഷം അദ്ദേഹം പോരാടി.
പൊതുരംഗത്തെ ഇടപെടലിനായി എപ്പോഴും ആര്‍ക്കും ആശ്രയിക്കാവുന്ന കൈയകലത്തെ സാന്നിദ്ധ്യമായിരുന്ന ജസ്റ്റിസ് വി.ആര്.കൃഷ്ണയ്യര്‍. നിര്‍ണായക വിഷയങ്ങളില്‍ അഭിപ്രായം ആരാഞ്ഞ് കൊച്ചിയിലെ പത്രപ്രവര്‍ത്തകര്‍ ആദ്യം ഓടിയെത്തുന്നത് അദ്ദേഹത്തിന്റെ അടുത്തായിരുന്നു. സമൂഹത്തിലേക്ക് എന്നും തുറന്നിട്ട വലിയ വാതിലായിരുന്നു അദ്ദേഹത്തിന്റെ വീട് സദ്ഗമയ. ഡിഎച്ച് ഗ്രൗണ്ടിന്റെ വിശാലമായ നടപ്പാതയില്‍ വല്ലപ്പോഴുമായി പിന്നീട് അദ്ദേഹത്തിന്റെ നടത്തം. ഇനി അതുമില്ല. ഉദയത്തില്‍ പ്രതീക്ഷാനിര്‍ഭരനായും അസ്തമയത്തില്‍ നിരാശാഭരിതനാകാതെയും ജസ്റ്റിസ് വി.ആര്.കൃഷ്ണയ്യര്‍ കടന്നുപോയി. തന്റെ നീതി സൂര്യന് ഒരിക്കലും അസ്തമിക്കുന്നില്ലെന്ന ഉറപ്പിനാലാവും അപൂര്‍വമായ അസ്ഥിരത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: