അപൂര്‍വമായിരുന്നു ആ സമാഗമം; അവിസ്മരണീയവും. തികച്ചും അപ്രതീക്ഷിതമായിരുന്നു അത്. ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ജി ഭാഗവത് സംഘടനയുടെ ആസ്ഥാനമായ നാഗ്പൂരില്‍ നിന്നുവന്ന് എറണാകുളത്തെ ‘സദ്ഗമയ’യില്‍ എത്തിയത് ഒരു നന്ദിയറിക്കാനായിരുന്നു.
ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുന്നതു സംബന്ധിച്ച് മുതിര്‍ന്ന നേതാവ് എല്‍.കെ. അദ്വാനിയുടെ നിലപാടുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ ഒരു അനിശ്ചിതാവസ്ഥ രൂപപ്പെടുകയുണ്ടായി. ഇത് പരിഹരിക്കാനുള്ള മാര്‍ഗദര്‍ശനം സര്സംഘചാലകില്നിന്നുണ്ടായത് സ്വാഭാവികം. മറ്റെന്തൊക്കെയോ സംഭവിക്കുമെന്ന് പ്രതീക്ഷിച്ച് കാത്തിരുന്നവര്‍ക്ക് വല്ലാത്ത നിരാശപ്പെടേണ്ടിവന്നു. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മോദി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
ദേശീയരാഷ്ട്രീയത്തിലുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ കഴിഞ്ഞ മോഹന്‍ജി ഭാഗവതിന്റെ പ്രവൃത്തി ഒരു ഉജ്വല രാജ്യതന്ത്രജ്ഞന്റേതാണെന്ന് മനസിലാക്കാനും അഭിനന്ദിക്കാനും ജസ്റ്റിസ് കൃഷ്ണയ്യര്‍ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല.
‘പ്രിയപ്പെട്ട മോഹന്‍ ഭാഗവത്’ എന്ന് സംബോധന ചെയ്യുന്ന കത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ദേശീയചിന്തയെയും കറകളഞ്ഞ രാജ്യസ്നേഹത്തെയും സാംസ്കാരിക പാരമ്പര്യത്തോടുള്ള പ്രതിബദ്ധതയെയും ആദരിക്കുന്നതായി കൃഷ്ണയ്യര്‍ അഭിപ്രായപ്പെടുകയുണ്ടായി.
പാശ്ചാത്യ സാമ്രാജ്യത്വ ശക്തികളുടെയും ആഗോള ഡോളര്‍ സമ്പദ് വ്യവസ്ഥയുടെയും അധീശത്വമല്ല നമുക്ക് വേണ്ടതെന്ന് വ്യക്തമാക്കിയ കൃഷ്ണയ്യര്‍ ഭാരതം ലോകത്തിന് വഴികാട്ടുമെന്നതില് ഉറച്ച ശുഭാപ്തിവിശ്വാസമുണ്ടെന്നും രേഖപ്പെടുത്തിയാണ് കത്ത് അവസാനിപ്പിച്ചത്.
കൃഷ്ണയ്യരുടെ കത്തിനും ഋഷിതുല്യമായ ഉപദേശത്തിനും നന്ദിയറിയിച്ച സര്‍സംഘചാലക് കത്തിന്റെ ഉള്ളടക്കം പൊതുപ്രവര്‍ത്തകരായ എല്ലാവര്ക്കും വിലപ്പെട്ടതാണെന്ന് വ്യക്തമാക്കി.
”അടുത്ത കേരള സന്ദര്‍ശനവേളയില്‍ അങ്ങയെ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അത്തരമൊരു കൂടിക്കാഴ്ച വിജ്ഞാനപ്രദമായിരിക്കുമെന്ന് വിശ്വസിക്കുന്നു. ഭാരതത്തെ ജഗദ്ഗുരുവാക്കാനുള്ള നമ്മുടെയെല്ലാം പൊതുലക്ഷ്യം കൈവരിക്കുന്നതില്‍ ഇത്തരം കൂടിക്കാഴ്ചകള്‍ ഇടവരുത്തും,”
സര്‍സംഘചാലകന്റെ വാക്കുകളില്‍ കൃഷ്ണയ്യരോടുള്ള ആദരവും ഭാരതത്തിന്റെ ഭാവിയിലുള്ള ശുഭപ്രതീക്ഷയും നിറഞ്ഞുനിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: