ന്യൂദല്‍ഹി: സുപ്രീംകോടതി ന്യായാധിപനായ അവസാന രാഷ്ട്രീയക്കാരന് വൈദ്യനാഥപുരം രാമയ്യര് കൃഷ്ണയ്യര്‍ എന്ന വി.ആര് കൃഷ്ണയ്യര്‍ ആയിരുന്നു. കൃഷ്ണയ്യര്‍ സുപ്രീംകോടതിയുടെ പടിയിറങ്ങിയ 1980നു ശേഷം പിന്നീട് രാഷ്ട്രീയനേതാക്കളൊന്നും ഉന്നത നീതിപീഠത്തിലെത്തിയിട്ടില്ല.
കൃഷ്ണയ്യരുടെ ഖനഗംഭീരമായ ശബ്ദം ഇപ്പോഴും സുപ്രീംകോടതിയുടെ വരാന്തകളിലൂടെ നടക്കുമ്പോള്‍ മുഴങ്ങുന്നതായി അനുഭവപ്പെടാറുണ്ടെന്ന് മുതിര്‍ന്ന അഭിഭാഷകനായ ഫാലി എസ് നരിമാന് പറഞ്ഞിട്ടുണ്ട്. കൃഷ്ണയ്യരുടെ വിധിന്യായങ്ങളും വിചാരണയ്ക്കിടയിലെ ഇടപെടലുകളുമെല്ലാം പിന്നീട് വന്ന ന്യായാധിപര്‍ മാതൃകയാക്കി.
1973 മുതല്‍ ഏഴുവര്‍ഷമാണ് ജസ്റ്റിസ് വി.ആര് കൃഷ്ണയ്യര്‍ സുപ്രീംകോടതി ജഡ്ജിയായി പ്രവര്‍ത്തിച്ചത്. ഇക്കാലയളവില്‍ പുറപ്പെടുവിച്ച വിധിന്യായങ്ങളെല്ലാം ജനപക്ഷത്തു നില്‍ക്കുന്നവയായിരുന്നു. എന്നാല്‍ ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി വിധിക്ക് സ്റ്റേ അനുവദിച്ചതു മാത്രമാണ് എക്കാലത്തും അപവാദമായി നിന്നത്.
രണ്ടുദിവസങ്ങള്‍ കൊണ്ട് വാദംപൂര്‍ത്തിയാക്കി ഇന്ദിരാഗാന്ധിക്കനുകൂലമായി കൃഷ്ണയ്യര്‍ വിധി പ്രഖ്യാപിച്ചത് രാജ്യത്തെ ലക്ഷക്കണക്കിന് ജനങ്ങളെ അടിയന്തരാവസ്ഥയുടെ കറുത്തനാളുകളിലേക്കാണ് എത്തിച്ചത്.
ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ അടിയന്തരമായി അപ്പീല്‍ സ്വീകരിക്കണമെന്ന ആവശ്യവുമായി തന്നെ നേരില്‍ക്കണ്ട കേന്ദ്രനിയമ മന്ത്രി എച്ച് ആര് ഗോഖലെയെ ജസ്റ്റിസ് കൃഷ്ണയ്യര്‍ തൃപ്തനാക്കിയല്ല മടക്കിയത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സുപ്രീംകോടതി രജിസ്ട്രാര്‍ വഴി അപ്പീല്‍ നല്‍കാനാണ് കൃഷ്ണയ്യര്‍ ഗോഖലെയ്ക്ക് നല്കിയ നിര്‍ദ്ദേശം.
കേസില്‍ 1975 ജൂണ്‍ 24ന് വാദം കേട്ട കൃഷ്ണയ്യര്‍ പിറ്റേന്ന് വിധി പ്രസ്താവിക്കുമെന്ന് വ്യക്തമാക്കി. പാസുപയോഗിച്ച് പൊതുജനങ്ങള്‍ക്ക് കോടതിമുറിയിലേക്ക് പ്രവേശനം നല്‍കാനും കൃഷ്ണയ്യര്‍ നിര്‍ദ്ദേശിച്ചിരുന്നു.
തിങ്ങിനിറഞ്ഞ കോടതി മുറിയില്‍ അലഹബാദ് ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന ഇന്ദിരാഗാന്ധിയുടെ അഭിഭാഷകന് പല്‍ക്കിവാലയുടെ ആവശ്യം അംഗീകരിച്ച കൃഷ്ണയ്യര്‍ വിധിക്ക് സോപാധിക സ്റ്റേ നല്കി.
ഇന്ദിരാഗാന്ധിക്ക് ആറുമാസം കൂടി പ്രധാനമന്ത്രി പദത്തില്‍ തുടരാനുള്ള അനുമതിയും കൃഷ്ണയ്യര്‍ വിധി പ്രസ്താവനയില്‍ നല്കി. ഇതിന്റെ ബലത്തിലാണ് വിധിവന്ന രാത്രി തന്നെ ഇന്ദിരാഗാന്ധി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
സംഭവബഹുലമായ നിരവധി വിധിന്യായങ്ങള്‍ പുറപ്പെടുവിച്ചാണ് വി.ആര് കൃഷ്ണയ്യര്‍ സുപ്രീംകോടതിയുടെ പടിയിറങ്ങിയത്. ആ പടിയിറക്കത്തിനു മൂന്നര പതിറ്റാണ്ടിന്റെ പഴക്കമായെങ്കിലും നിയമലോകത്ത് വിആര്‍ കൃഷ്ണയ്യര്‍ അമരനായി തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: