കൊച്ചി: ഭാരതീയ സംസ്കൃതിയോട് തികഞ്ഞ ആദരവും പ്രതിബദ്ധതയും ഉണ്ടായിരുന്ന ഒരു മഹാമനീഷിയെയാണ് ജസ്റ്റിസ് കൃഷ്ണയ്യരുടെ വേര്‍പാടിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നതെന്ന് തപസ്യ കലാസാഹിത്യവേദി സംസ്ഥാന അധ്യക്ഷന്‍ എസ്. രമേശന്‍നായര്‍ അനുശോചനസന്ദേശത്തില്‍ പറഞ്ഞു.
നീതിബോധത്തിന്റെയും നിസ്തുലമായ സേവനങ്ങളുടെയും ഒരു മഹാഗോപുരമാണ് ഇടിഞ്ഞുവീണിരിക്കുന്നത്. നൂറ്റാണ്ടിലൊരിക്കല്‍ മാത്രം സംഭവിച്ചേക്കാവുന്ന അപൂര്‍വവ്യക്തിത്വത്തിന് ഉടമയായിരുന്നു അദ്ദേഹം.
തപസ്യയുടെയും ബാലഗോകുലത്തിന്റെയും പരിപാടികളില്‍ പങ്കെടുക്കാന്‍ കൃഷ്ണയ്യര്‍ കാണിച്ചിട്ടുള്ള താല്പര്യം ഭാരതീയസംസ്കൃതിയോടുള്ള അദ്ദേഹത്തിന്റെ കൂറിന് നിദര്‍ശനമായിരുന്നു.
ഏറ്റവുമൊടുവില്‍ ബാലഗോകുലം സംഘടിപ്പിച്ച ഗുരുപൂജ പരിപാടിയില്‍ ശാരീരികമായ അവശതകളെല്ലാം മറന്ന് അദ്ദേഹം സംബന്ധിക്കുകയുണ്ടായി. ഋഷിതുല്യനായിരുന്ന അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: