എറണാകുളം എംജിറോഡിലെ ചരിത്രമുറങ്ങുന്ന ‘സദ്ഗമയ’യില്‍ ഇനി നീതി സൂര്യന്റെ പ്രകാശമില്ല. സാധാരണക്കാര്‍ മുതല്‍ അത്യുന്നതങ്ങളിലുള്ളവര്ക്ക് പോലും എപ്പോള്‍ വേണമെങ്കിലും എത്തിച്ചേരാവുന്ന സുപരിചിതമായ ഒരിടമായിരുന്നു ജസ്റ്റീസ് വി.ആര്. കൃഷ്ണയ്യര്‍ എന്ന നീതി തേജസ്സിന്റെ ‘സത്ഗമയ’ എന്ന വീട്.
സദ്ഗമയക്കും പറയുവാനുണ്ട് നീതിക്കായുള്ള പോരാട്ടത്തിന്റെ ഒരു കഥ. 1980 ല്‍ സുപ്രീംകോടതി ജഡ്ജി സ്ഥാനത്തുനിന്ന് വിരമിച്ച ശേഷം ഇനിയുള്ളകാലം എഴുത്തും വായനയും പ്രഭാഷണവുമായി കൊച്ചിയില്‍ കഴിയാം എന്ന് കൃഷ്ണയ്യര്‍ തീരുമാനിച്ചു. ദല്‍ഹിയിലെ ചില സുഹൃത്തുക്കള്‍ അദ്ദേഹത്തെ രാഷ്ട്രീയത്തിലിറങ്ങാന്‍ പ്രേരിപ്പിച്ചങ്കിലും അദ്ദേഹം അതിന് തയ്യാറായില്ല. കൊച്ചിയിലേക്ക് താമസം മാറ്റുവാന്‍ ഒരുങ്ങുമ്പോഴാണ് പുതിയ പ്രശ്നം ഉടലെടുക്കുന്നത്.
കൊച്ചിയിലെ വീട് ഇന്‍കംടാക്സ് കോടതിക്ക് വാടകയ്ക്ക് നല്‍കിയിരുന്നു. ഒഴിയാന്‍ കേന്ദ്രസര്‍ക്കാര്‍ കൂട്ടാക്കിയില്ല. ഒടുവില്‍ സ്വന്തം വീട് വീണ്ടെടുക്കാന്‍ കൃഷ്ണയ്യര്‍ എറണാകുളം മുന്‍സിഫ് കോടതിയില്‍ കേസുകൊടുത്തു. തന്റെ ജൂനിയര്‍ ആയിരുന്ന അഡ്വ.ടി.വി.രാധാകൃഷ്ണനായിരുന്നു കൃഷ്ണയ്യരുടെ വക്കീല്‍. കെട്ടിടം ഒഴിഞ്ഞുകൊടുക്കാന്‍ മുന്‍സിഫ് ബാലചന്ദ്രന് വിധിച്ചു. അങ്ങനെ കൃഷ്ണയ്യര്‍ക്ക് വീട് തിരികെ ലഭിച്ചു.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലത്തിനുള്ളില്‍ സദ്ഗമയയില്‍ എത്താത്ത മഹത്തുക്കള്‍ കുറവാണ്. നിരവധി സാമൂഹ്യപോരാട്ടങ്ങളുടെ പ്രേരണാശക്തിയായിരുന്നു ഇവിടം. കൃഷ്ണയ്യരുടെ ഒരു ഫോണ്‍വിളി അല്ലെങ്കില്‍ ഒരു പ്രസ്താവന മാത്രം മതിയായിരുന്നു പല പോരാട്ടങ്ങളുടെയും ഗതിയും വിജയവും നിശ്ചയിക്കുവാന്‍. വീടും ഓഫീസും എല്ലാം ഇവിടെ തന്നെയായിരുന്നു. നിരവധി ആവശ്യങ്ങള്‍ക്കായി രാവിലെ മുതല്‍ രാത്രിവരെ ജനങ്ങളുടെ പ്രവാഹമായിരുന്നു. അതില്‍ സഹായവും കാരുണ്യവും തേടി ദൂരെ നിന്നെത്തുന്ന സാധാരണക്കാര്‍ മുതല്‍ സന്ദര്‍ശിക്കാന്‍ എത്തുന്ന വിശിഷ്ട വ്യക്തികള്‍ വരെയുണ്ടാവും.
കനിവിനായി എത്തുന്നവരുടെ പ്രശ്നങ്ങള്‍ അദ്ദേഹം നേരിട്ടു തന്നെ കേള്‍ക്കുമായിരുന്നു. അതിനുള്ള പരിഹാരവും തേടുമായിരുന്നു. സാധാരണ ഓഫീസുകള്‍ മുതല്‍ പ്രധാനമന്ത്രിയെ വരെ നേരിട്ട് വിളിക്കാനും അദ്ദേഹം മടികാണിച്ചിരുന്നില്ല. ഇവിടേക്ക് എത്തുന്ന നിരവധി കത്തുകള്‍ക്കും ഇ-മെയിലുകള്‍ക്കും മറുപടി അദ്ദേഹം നേരിട്ടു തന്നെ പറഞ്ഞുകൊടുക്കുകയാണ് പതിവ്.
സഹായികളായുള്ള പത്തു പേരാണ് ഈ വീട്ടില്‍ അദ്ദേഹത്തിനു കുടുംബമായി ഒപ്പമുണ്ടായിരുന്നത്. ഓഫിസ് പോലെ പ്രവര്‍ത്തിക്കുന്ന വീട്ടിലെ ഒരു മുറിയില്‍ അദ്ദേഹവും താമസിക്കുന്നു എന്നതാണ് ഇതിനെ ഒരു വീടാക്കി മാറ്റുന്ന ഘടകം. നാല് മാസങ്ങള്‍ക്ക് മുമ്പ് സുപ്രീംകോടതിയിലെ സീനിയര്‍ അഡ്വക്കേറ്റ് എഫ്.എസ്.നരിമാന് കൃഷ്ണയ്യരെ കൊച്ചിയില്‍ സന്ദര്‍ശിക്കാന്‍ എത്തി.
ശബ്ദം കേട്ടപ്പോഴാണ് നരിമാനെ തിരിച്ചറിഞ്ഞത്. കൃഷ്ണയ്യരെ അദ്ദേഹം ആലിംഗനം ചെയ്തു. വീട്ടില്‍നിന്ന് കൊണ്ടുവന്ന മിന്നുന്ന ഷാള്‍ കൃഷ്ണയ്യരെ അണിയിച്ച് നരിമാന് കൈകൂപ്പി വണങ്ങിയത് അവസാനകാലഘട്ടത്തിലെ വലിയൊരു അനുഭവമായിരുന്നു.
സാധാരണക്കാരുടെ ശബ്ദമായി നീതിയുടെ കാവലാളായി എന്നും ചലനാത്മകമായി കാലഘട്ടത്തിന്റെ ചരിത്രമായി നിന്നിരുന്ന സദ്ഗമയ ഇനി ചരിത്രമായി അവശേഷിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: