തിരുവനന്തപുരം: നിയമത്തിന്റെ വഴികള്‍ സാധാരണക്കാരുടെ രക്ഷയ്ക്കായി തുറന്നിട്ട മഹാനായ വ്യക്തിയായിരുന്നു ജസ്റ്റിസ് വി.ആര് കൃഷ്ണയ്യരെന്ന് ഗവര്‍ണര്‍ പി. സദാശിവം അനുസ്മരിച്ചു. നിയമത്തിന്റെ കെടാവിളക്കായിരുന്നു അദ്ദേഹം.
വഴികാട്ടിയും. തന്റെ ഇടപെടലുകളിലൂടെ നിയമത്തിന്റെ വലിയ വാതായനങ്ങളാണ് സാധാരണക്കാര്‍ക്കു മുന്നില്‍ തുറന്നത്. വക്കീല്‍, ഭരണാധികാരി, നിയമപണ്ഡിതന്, ജഡ്ജി എന്നീ നിലകളില്‍ ശോഭിച്ചു. ഒരിക്കലും അധികാര ദുര്‍വിനിയോഗം നത്തിയിട്ടില്ലാത്ത ന്യായാധിപന്. നീതിന്യായ കുടുംബത്തിന് അദ്ദേഹത്തിന്റെ വിയോഗം തീരാ നഷ്മാണെന്നും ഗവര്‍ണര്‍ അനുസ്മരിച്ചു.
നീതിപീഠത്തിന് മനുഷ്യമുഖം നല്കിയ വ്യക്തിയാണദ്ദേഹമെന്ന് തൊഴില്‍ മന്ത്രി ഷിബു ബേബിജോണ്‍.
സാമൂഹിക ബോധത്തിന്റെയും സമൂഹ മനസാക്ഷിയുടേയും പ്രതീകമായിരുന്നു അദ്ദേഹമെന്ന് ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍.
പ്രമുഖ നിയമജ്ഞനായിരുന്നു അദ്ദേഹമെന്ന് ആരോഗ്യ മന്ത്രി വി.എസ്. ശിവകുമാര്‍.
ഒരു നൂറ്റാണ്ടിലെ കേരള ചരിത്രത്തെ നിര്‍ണ്ണായകമായി സ്വാധീനിച്ച വ്യക്തിത്വമാണ് നഷ്ടമായതെന്നു പഞ്ചായത്ത് മന്ത്രി ഡോ.എം.കെ. മുനീര്‍.
കാലത്തിനൊപ്പം നിന്ന അപൂര്‍വ്വ വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് യുവജനക്ഷേമ മന്ത്രി പി.കെ. ജയലക്ഷ്മി.
ഭരണാധികാരി എന്നനിലയിലും ശക്തനായ സാമാജികന് എന്ന നിലയിലും അദ്ദേഹം ശ്രദ്ധേയനായിരുന്നുവെന്ന് സ്പീക്കര്‍ ജി. കാര്ത്തികേയന്.
പ്രമുഖ നിയമജ്ഞനും ഭരണതന്ത്രജ്ഞനുമായിരുന്ന കൃഷ്ണയ്യരുടെ നിര്യാണത്തില്‍ സാംസ്കാരിക മന്ത്രി കെ.സി. ജോസഫ് അനുശോചിച്ചു.
എക്സിക്യൂട്ടീവിന്റെയും ലെജിസ്ലേച്ചറിന്റെയും ജുഡീഷ്യറിയുടെയും ഭാഗമായി പ്രവര്‍ത്തിക്കുകയും എല്ലാ ഘട്ടത്തിലും ജനപക്ഷത്ത് നിന്നുമാത്രം പ്രവര്‍ത്തിക്കുകയും ചെയ്ത അപൂര്‍വ്വ വ്യക്തിത്വത്തിന് ഉടമയായിരുന്നു കൃഷ്ണയ്യരെന്ന് വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി.
സമൂഹ മനസാക്ഷിയുടെ പ്രതിഫലനമായിരുന്നു സദാകര്മ്മ നിരതനായിരുന്ന അദ്ദേഹത്തിന്റെ ശബ്ദമെന്ന് വനംമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്.
നിയമങ്ങളേയും നീതിന്യായസ്ഥാപനങ്ങളേയും പാവപ്പെട്ടവര്‍ക്ക് എങ്ങനെ ഉപകാരപ്രദമാക്കാമെന്ന് കാണിച്ചു തന്ന ന്യായാധിപനും മികച്ച നിയമമന്ത്രിയുമായിരുന്നു വി.ആര്. കൃഷ്ണയ്യരെന്ന് ധനമന്ത്രി കെ.എം. മാണി.
നിര്‍ഭയമായ നിലപാടുകളും, വിധിപ്രസ്താവനകളും രാജ്യത്തിനകത്തും പുറത്തും ചര്‍ച്ചാ വിഷയമാകുകയും പലതും നിയമപാഠങ്ങളാകുകയും ചെയ്തവയാണെന്ന് ചിഫ് വിപ്പ് പി.സി. ജോര്‍ജ്.
സാമൂഹ്യനീതിക്കായ് സ്വജീവിതം അര്‍പ്പിച്ച നിയമപാലകനായിരുന്നു അദ്ദേഹമെന്ന് റവന്യൂമന്ത്രി അടൂര്‍ പ്രകാശ്.
നീതിയുടെ പ്രകാശ ഗോപുരമാണ് അദ്ദേഹത്തിന്റെ വിയോഗത്തോടെ മറയുന്നതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: