കൊല്ലം: മദ്യനയത്തില്‍ മാറ്റം വരുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ബാര്‍ തൊഴിലാളികളുടെയും ടൂറിസം മേഖലയിലേയും പ്രശ്നങ്ങള്‍ കണക്കിലെടുത്താവും മദ്യനയത്തില്‍ മാറ്റം വരുത്തുകയെന്നും ഉമ്മന്‍ചാണ്ടി നിയമസഭയെ അറിയിച്ചു.
കോടതി വിധിയുടെയും കോടതിയുടെ നിരീക്ഷണത്തിന്റെയും അടിസ്ഥാനത്തില്‍ അവ്യക്തതകളില്ലാത്ത നയം രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മദ്യനയം കുറ്റമറ്റ രീതിയില്‍ മുന്നോട്ട് കൊണ്ടു പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോഴത്തെ മദ്യനയവുമായി ബന്ധപ്പെട്ട തീരുമാനം പെട്ടെന്ന് എടുത്തതല്ലെന്ന് മുഖ്യമന്ത്രി ഇന്നലെ സഭയില്‍ പറഞ്ഞിരുന്നു.
തന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ തുടക്കം മുതല്‍ ഘട്ടംഘട്ടമായി മദ്യനിരോധനം നടപ്പാക്കുമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള തീരുമാനമാണിത്. യുഡിഎഫിന്റെ പ്രകടനപത്രികയിലും ഘട്ടംഘട്ടമായി മദ്യനിരോധനം നടപ്പാക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. 2012 മാര്‍ച്ച് 31നു ശേഷം ത്രീ സ്റ്റാര്‍ ഹോട്ടലുകള്‍ക്കും 2013 മാര്‍ച്ച് 31നു ശേഷം ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ക്കും മദ്യശാല ലൈസന്‍സ് നല്കില്ലെന്നതു നേരത്തെ തീരുമാനിച്ചതാണ്. അന്നു ഫൈവ് സ്റ്റാര്‍ ലൈസന്‍സ് പദവി കേന്ദ്ര സര്‍ക്കാരിന്റെ പരിധിയിലുള്ളതിനാലാണു പ്രഖ്യാപിക്കാതിരുന്നതെന്നും അദ്ദേഹം ഇന്നലെ പറഞ്ഞിരുന്നു.
എന്നാല്‍ മദ്യ നയത്തില്‍ മാറ്റം വരുത്തുന്നത് എന്തിനെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് ചോദിച്ചു. നയം പ്രഖ്യാപിച്ച ശേഷം അതില്‍ വെള്ളം ചേര്‍ത്ത് സര്‍ക്കാര്‍ പൊറാട്ട് നാടകം കളിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: