ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ കേസില്‍ തമിഴ്നാടിന് അനുകൂലമായ സുപ്രീം കോടതി ഉത്തരവിനെതിരെ കേരളം സമര്‍പ്പിച്ച പുനപ്പരിശോധനാ ഹര്‍ജി ഭരണഘടനാ ബെഞ്ച് തള്ളി. ഡാമിലെ ജലനിരപ്പ് 142 അടിയാക്കി ഉയര്‍ത്താന്‍ തമിഴ്നാടിന് അനുമതി നല്കിയ വിധി പുനപ്പരിശോധിക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തു അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ച് തള്ളിക്കളഞ്ഞത്. തിരുത്തല്‍ ഹര്‍ജിയെന്ന അവസാനവഴി മാത്രമേ ഇനി കേരളത്തിനു മുന്നില്‍ അവശേഷിക്കുന്നുള്ളു.
ഡാമിനു സുരക്ഷാ പ്രശ്നങ്ങളില്ലെന്ന തമിഴ്നാടിന്റെ വാദങ്ങള്‍ പൂര്‍ണ്ണമായി അംഗീകരിച്ചുകൊണ്ടാണ് കേരളത്തിന്റെ ഹര്‍ജി നിരാകരിച്ചത്. ഡാമിന്റെ ബലക്ഷയം അന്താരാഷ്ട്ര വിദഗ്ധസംഘം പരിശോധിക്കണമെന്നും തമിഴ്നാടുമായുള്ള കരാറിന്റെ നിയമവശങ്ങളെപ്പറ്റി തുറന്ന കോടതിയില്‍ വാദം വേണമെന്നുമുള്ള സംസ്ഥാനത്തിന്റെ ആവശ്യങ്ങളും അംഗീകരിക്കപ്പെട്ടില്ല.
ബ്രിട്ടീഷ് ഭരണകാലത്തുണ്ടാക്കിയ കരാര്‍ നിയമപരമായി നിലനില്‍ക്കില്ലെന്ന് സംസ്ഥാനം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അണക്കെട്ടിനു ബലക്ഷയമില്ലെന്ന സുപ്രീം കോടതിയുടെ കണ്ടെത്തല്‍ ഉന്നതാധികാര സമിതി നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ്. തമിഴ്നാട്ടിലെ വൈഗ അണക്കെട്ട് നിറഞ്ഞശേഷം മാത്രമേ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 അടിയില്‍ നിന്നും ഉയര്‍ത്താവൂ, ഡാമിലെ ഏതെങ്കിലും ഷട്ടറുകള്‍ തകരാറിലാണെങ്കില്‍ ജലനിരപ്പ് ഉയര്‍ത്തരുത് എന്നീ ആവശ്യങ്ങളും കേരളം ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നു.
ജലനിരപ്പ് ഉയര്‍ത്താനുള്ള ഉത്തരവ് നടപ്പാക്കാന്‍ കേരളം അനുവദിക്കുന്നില്ലെന്ന തമിഴ്നാടിന്റെ പരാതിയും ഡാമിന്റെ സുരക്ഷയ്ക്കായി കേന്ദ്രസേനയെ വിന്യസിക്കണമെന്നുമുള്ള ആവശ്യവും പരിഗണിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ ഉത്തരവുകളൊന്നും പുറപ്പെടുവിച്ചില്ല. മൂന്നംഗ ഉന്നതാധികാര സമിതിയുടെ പ്രവര്‍ത്തനം നിഷ്പക്ഷമല്ലെന്ന കേരളത്തിന്റെ വാദവും കോടതി ചെവിക്കൊണ്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: