ന്യൂദല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കുന്നതിനുള്ള സാധ്യതാ പഠനത്തിന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ നിരന്തരം തിരിച്ചടികള്‍ നേരിടുന്ന കേരളത്തിന് ആശ്വാസകരമാണ് കേന്ദ്രസര്‍ക്കാര്‍ നടപടി.
നിലവിലെ ഡാമിന്റെ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ പുതിയ ഡാമിനായുള്ള സാധ്യതാ പഠനം നടത്താം. എന്നാല്‍ പെരിയാര്‍ കടുവാ സങ്കേതം സ്ഥിതിചെയ്യുന്ന വനമേഖലയെ പുതിയ ഡാം ബാധിക്കരുത്. ഡാം വന്നാല്‍ കൂടുതല്‍ വനപ്രദേശം നഷ്ടമാകില്ലെന്ന് കേരളം നേരത്തെ കേന്ദ്രത്തെ അറിയിച്ചിരുന്നു.
സംസ്ഥാന വൈല്‍ഡ് ലൈഫ് ബോര്‍ഡും വൈല്‍ഡ് ലൈഫ് വാര്‍ഡനും നല്കിയ ഉറപ്പുകള്‍ക്കു വിധേയമായിട്ടാണ് പഠനാനുമതി നല്‍കുന്നതെന്ന് കേന്ദ്രം പുറത്തിറക്കിയ ഉത്തരവിലുണ്ട്. കൊച്ചിയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് എല്‍പിജി പൈപ്പ് ലൈന്‍ സ്ഥാപിക്കാനും കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ട്.
മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിച്ച് പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണണമെന്ന കേരളത്തിന്റെ ആവശ്യത്തിന് കേന്ദ്രസര്‍ക്കാര്‍ തലത്തില്‍ അനുകൂലമായ ആദ്യ നടപടിയായി സാധ്യതാപഠനാനുമതി കണക്കാക്കപ്പെടുന്നു. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് പണിയണമെന്ന് മുന്‍ ചീഫ് ജസ്റ്റിസ് എ.എസ്. ആനന്ദ് അധ്യക്ഷനായ വിദഗ്ധ സമിതിയുടെ പഠന റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരുന്നു. അന്തര്‍സംസ്ഥാന നദീജല തര്‍ക്കങ്ങളില്‍ ഏറെ തലവേദന സൃഷ്ടിച്ച കാവേരി നദീജല പ്രശ്നം പരിഹരിച്ച മുന്‍ എന്‍ഡിഎ സര്‍ക്കാരിന്റെ വഴിയെ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പരിഹാരം തേടി രണ്ടാം എന്‍ഡിഎ ഭരണകൂടവും മുന്നോട്ടു പോകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: