തിരുവനന്തപുരം: മദ്യനയത്തില്‍ പ്രായോഗികമായ ചില മാറ്റങ്ങള്‍ വരുത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മദ്യനയത്തിന്റെ അടിസ്ഥാന സ്വഭാവത്തില്‍ മാറ്റമുണ്ടാവില്ല. എന്നാല്‍ പല കോണുകളില്‍ നിന്നുമുള്ള നിര്‍ദേശങ്ങളും കോടതിവിധിയുമൊക്കെ ഉള്‍ക്കൊണ്ടുകൊണ്ട് പ്രായോഗികമായ ചില മാറ്റങ്ങള്‍ വരുത്തും, അദ്ദേഹം വ്യക്തമാക്കി.
22 ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കണമെന്ന കോടതിവിധി സര്‍ക്കാരിന്റെ അലംഭാവംകൊണ്ടുണ്ടായതാണെന്ന് ചൂണ്ടിക്കാട്ടി ഡോ.തോമസ് ഐസക്ക് അവതരണാനുമതി തേടിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. മദ്യനയം സര്‍ക്കാരിനെ വെട്ടിലാക്കിയിരിക്കുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയെന്നതും ശ്രദ്ധേയം.
താനും ആഭ്യന്തരമന്ത്രിയും പങ്കെടുത്ത യോഗം മാണിയെ കുറ്റവിമുക്തനാക്കിയെന്നാണ് ആരോപണം. തെറ്റു ചെയ്യാത്ത ഒരാളെ ക്രൂശിക്കാന്‍ ശ്രമിച്ചാല്‍ എന്തുവില കൊടുത്തും എതിര്‍ക്കും. അഴിമതിയെന്നു പറഞ്ഞ് പുകമറ സൃഷ്ടിച്ചാല്‍ പിന്മാറില്ല. മദ്യനയത്തില്‍ ടൂറിസം മേഖലയ്ക്ക് ചില ആശങ്കകളുണ്ട്. ജീവനക്കാരുടെ പ്രശ്നങ്ങളുണ്ട്. എല്ലാം പരിശോധിച്ച് പ്രായോഗികമായ മാറ്റങ്ങള്‍ കൊണ്ടുവരും, ഉമ്മന്‍ ചാണ്ടി പറഞ്ഞു.
മദ്യനയം പെട്ടെന്നെടുത്ത തീരുമാനമല്ല. സര്‍ക്കാരിന്റെ തുടക്കം മുതലുള്ള നയത്തിന്റെ അടിസ്ഥാനത്തിലെ മദ്യനയത്തിനാണ് രൂപംനല്കിയത്. ദേശീയപാതയ്ക്ക് സമീപത്തെ ചില്ലറ വില്‍പ്പനകേന്ദ്രം സംബന്ധിച്ച കോടതി നിര്‍ദേശം ഗൗരവമായി കാണും, മുഖ്യമന്ത്രി പറഞ്ഞു.
മദ്യനയം ഹൈക്കോടതി തള്ളിയാല്‍ സുപ്രീം കോടതിയില്‍ പോകുമെന്ന് മന്ത്രി കെ. ബാബു വ്യക്തമാക്കി. നയ രൂപീകരണം സര്‍ക്കാരിന്റെ ചുമതലയാണ്. അതില്‍ കോടതി ഇടപെട്ട് അലോസരമുണ്ടാക്കുന്നത് ശരിയല്ല. മദ്യനയവുമായി ബന്ധപ്പെട്ട് നിരവധികേസുകള്‍ കോടതിയിലുണ്ട്. അതിലൊന്നും അന്തിമ തീര്‍പ്പായിട്ടില്ല. അതിനുശേഷം വേണ്ടതെന്തെന്ന് ആലോചിക്കും, ബാബു കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: