തൃശൂര്‍: കയ്പമംഗലം ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഉജ്ജ്വല വിജയം. കഴിഞ്ഞതവണ 198 വോട്ടിന് കോണ്‍ഗ്രസ് ജയിച്ച വാര്‍ഡ് 136 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബിജെപി പിടിച്ചെടുത്തത്.
ആകെ പോള്‍ ചെയ്ത 1024 വോട്ടില്‍ ബിജെപി സ്ഥാനാര്‍ത്ഥി എം.സി.രാജന് 459 വോട്ട് നേടി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സുജാത കരിംപറമ്പില്‍ 323ഉം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.എല്‍.പോള്‍സണ്‍ 231ഉം വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി അജിത 11ഉം വോട്ടുകളാണ് നേടിയത്. കഴിഞ്ഞ തവണത്തേക്കാള്‍ 176 വോട്ടുകളാണ് ബിജെപിക്ക് കൂടുതലായി ലഭിച്ചത്. ഇതോടെ കയ്പമംഗലം ഗ്രാമപഞ്ചായത്തില്‍ ബിജെപിക്ക് രണ്ട് അംഗങ്ങളായി. പഞ്ചായത്തിലെ താല്‍ക്കാലിക ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് പഞ്ചായത്തംഗം സി.ജെ.ജോയി രാജിവെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.
മാടക്കത്തറ പഞ്ചായത്തിലെ ആറാംവാര്‍ഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലും ബിജെപി മികച്ച പ്രകടനം കാഴ്ചവച്ചു. കഴിഞ്ഞതവണത്തേക്കാള്‍ 246 വോട്ടുകള്‍ കൂടുതല്‍ നേടി ബിജെപി രണ്ടാമതെത്തി എതിരാളികളെ ഞെട്ടിച്ചു. ബിജെപി സ്ഥാനാര്‍ത്ഥി പ്രശാന്ത് 303 വോട്ടുകള്‍ നേടി. 35 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സിറ്റിംഗ് സീറ്റില്‍ സിപിഎം സ്ഥാനാര്‍ത്ഥി സുധീര്‍ വീജയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഷാജിക്ക് 201ഉം എഎപി സ്ഥാനാര്‍ത്ഥി രതീഷിന് 107ഉം വോട്ടുകള്‍ ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: