കൊച്ചി: ലക്ഷദ്വീപിനെ ഓപ്പറേഷണല്‍ ബേസ് ആക്കാന്‍ തീരുമാനിച്ച പശ്ചാത്തലത്തില്‍ ബിട്ര ദ്വീപിനെ നാവിക കേന്ദ്രമാക്കി മാറ്റുന്നതിനു കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയതായി ദക്ഷിണ നാവിക സേന മേധാവി വൈസ് അഡ്മിറല്‍ എസ്പിഎസ് ചീമ പത്രസമ്മേളനത്തില്‍ അറിയിച്ചു. നാവികസേനയുടെ തന്ത്രപ്രധാന കേന്ദ്രമായി ലക്ഷദീപ് സമൂഹം മാറികൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ അവിടുത്തെ നാവിക സന്നാഹങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. മിനിക്കോയിയിലും കവരത്തിയിലും ആന്ത്രോത്തിലും നാവിക കേന്ദ്രങ്ങള്‍ ഉണ്ട്. ഇതു കൂടാതെയാണ് നാലാമത്തെ കേന്ദ്രമായി ബിട്ര ദ്വീപിനെ മാറ്റുന്നത്. തീര ദേശത്തെ റഡാര്‍ ശൃംഖല വികസിപ്പിക്കുന്നതിന്റെ ഭാഗമായി ലക്ഷദ്വീപില്‍ ആറും കേരളത്തില്‍ നാലും റഡാറുകള്‍ കൂടി സ്ഥാപിച്ചു.
തീരദേശങ്ങളിലെ കടലോര ജാഗ്രത സമതികളുടെ പ്രവര്‍ത്തനങ്ങള്‍ സംശയകരമായി തോന്നുന്ന ബോട്ടുകളുടെ സാന്നിധ്യവും മറ്റും കൈമാറുന്ന കാര്യത്തില്‍ കൂടുതല്‍ സഹായകരമാണ്. തീര സുരക്ഷ സംബന്ധിച്ചു ചീഫ് സെക്രട്ടറി ഇ. കെ. ഭരത് ഭൂഷണുമായി ഈ മാസം 17നു തിരുവനന്തപുരത്തു ചര്‍ച്ച നടത്തുന്നുണ്ട്. 54,000ത്തോളം നാവികരേയും തീര സുരക്ഷാ സൈനികരേയും 650 വിദേശ സൈനികരേയും ദക്ഷിണ നാവിക കമാന്‍ഡ് കഴിഞ്ഞ ഒരു വര്‍ഷ കാലത്തിനുള്ളില്‍ പരിശീലിപ്പിച്ചു.
കടല്‍ മാര്‍ഗ്ഗമാണ് രാജ്യത്തെ വാണിജ്യ ചരക്കു നീക്കവും മറ്റും നടക്കുന്നതെന്നതിനാല്‍ കടല്‍ സുരക്ഷയ്ക്കു മുന്തിയ പരിഗണനയാണ് നല്‍കുന്നത്. കൊച്ചിയിലും വിഴിഞ്ഞത്തും പ്രതിരോധ ആവശ്യങ്ങള്‍ക്കായി ഔട്ടര്‍ പോര്‍ട്ട് വികസിപ്പിക്കുന്നതു പ്രതിരോധ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. വെണ്ടുരുത്തി പാലത്തില്‍ നിന്നും കായലില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച സ്ത്രീയേയും കുട്ടിയേയും രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കാണാതായ വിഷ്ണു ഉണ്ണിയ്ക്കായി തെരച്ചില്‍ തുടരുകയാണെന്നും എസ്പിഎസ് ചീമ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: