ശബരിമല: ശബരിമല തീര്ത്ഥാടനവുമായ് ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ നടപടികള്‍ അശാസ്ത്രീയമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന് പറഞ്ഞു. തീര്‍ത്ഥാടനക്കാലം മുന്നില്‍ കണ്ട് വേണ്ടത്ര ഒരുക്കങ്ങളോ, കൂടിയാലോചനകളോ നടത്താതെയുള്ള സമീപനമാണ് സര്‍ക്കാരിന്റേത്.
പ്രധാന റോഡുകള്‍ പോലും സമയബന്ധിതമായി തീര്‍ത്ഥാടന കാലത്തിന് മുന്‍പ് ടാര്്ചെയ്യാനോ, അറ്റകുറ്റപണികള്‍ നടത്താനോ തയ്യാറായില്ല. പ്രത്യക്ഷമായും പരോക്ഷമായും പതിനെണ്ണായിരം കോടിരൂപയോളമാണ് ചുരങ്ങിയ തീര്‍ത്ഥാടന കാലയളവില്‍ സംസ്ഥാന ഖജനാവില്‍ എത്തുന്നത്. എന്നാല്‍ യാതൊരു വികസനവും നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ശബരിമലയുടെ വികസനം കേരളത്തിന്റെയും വികസനമാണ്. തീര്ത്ഥാടനവുമായ് ബന്ധപ്പെട്ട് പ്രധാന ഇടത്താവളങ്ങളിലോ, പത്തനംതിട്ട ജില്ലയിലോ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ നടന്നിട്ടുള്ള അവലോകനയോഗങ്ങള്‍പോലും കുറവാണ്.
ശബരിമലയുടെ വികസനത്തില്‍ ബിജെപിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ഇതിനായി ഒരു ഉപസമിതി രൂപീകരിച്ച് പത്തനംതിട്ട ഉല്‍പ്പടെയുള്ള ജില്ലകളിലെ സംഘടനകളുമായും പ്രധാന വ്യക്തികളുമായും ചര്‍ച്ച നടത്തിവരികയാണ്. ഇതില്‍ പ്രധാനമായുള്ളത് പമ്പയുടെ ശുചീകരണം നൂറ് ശതമാനം ശാസ്ത്രീയമായിതന്നെ പൂര്‍ത്തിയാക്കുകയെന്നതാണ്.
ഇപ്പോഴും ശബരിമലയില്‍ 1985-ലെ പോലീസ് മാനുവല്‍ അനുസരിച്ചുള്ള പ്രവര്‍ത്തനമാണ് നടക്കുന്നത് . ഇതിന് ഉദാഹരണമാണ് അയ്യപ്പഭക്തരെ വടംകെട്ടി നിയന്ത്രിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മാലിന്യ സംസ്കരണത്തിന് നൂതന ആശയങ്ങളാണ് പ്രാബല്യത്തില്‍ വരുത്തേണ്ടത്. കാലാകാലങ്ങൡ റോപ്വേ നിര്‍മ്മാണത്തെക്കുറിച്ച് അറിയിക്കുന്നുണ്ടെങ്കിലും പ്രാഥമിക ക്രമീകരണങ്ങള്‍ പോലും നടപ്പിലാക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അപ്പം, അരവണ നിര്‍മ്മാണത്തിനുള്ള നൂതന സംവിധാനങ്ങള്‍ ഒന്നും ഏര്‍പ്പെടുത്തിയിട്ടില്ല. അത്യാധുനിക സംവിധാനങ്ങളുളള ആശുപത്രി ഇല്ല. പ്രധാനമന്ത്രി ശബരിമലയില്‍ എപ്പോഴാണ് എത്തുന്നതെന്നുസംബന്ധിച്ച് തീരുമാനമായിട്ടില്ല. ബിജെപി ഉപസമിതി തയ്യാറാക്കുന്ന ശബരിമല വികസനപദ്ധതി പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: