തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ പെന്ഷന് മുടങ്ങിയതിനെതിരെ നിയമസഭ സന്ദര്‍ശക ഗ്യാലറിയില്‍ നിന്നും പ്രതിഷേധം. ചോദ്യോത്തരവേളക്കിടെയാണ് സന്ദര്‍ശക ഗ്യാലറിയിലെത്തിയ കെഎസ്ആര്‍ടിസി റിട്ടയേഡ് കണ്ടക്റ്റര്‍ പ്രതിഷേധിച്ചത്. ഞങ്ങളുടെ കാര്യം പരിഗണിക്കണമെന്ന് സന്ദര്‍ശക ഗ്യാലറിയില്‍നിന്നും അദ്ദേഹം വിളിച്ചുപറഞ്ഞു. ഉടന്‍തന്നെ വാച്ച് ആന്‍ഡ് വാര്‍ഡെത്തി ബലംപ്രയോഗിച്ചു പുറത്താക്കി.
പ്രതിഷേധിച്ചയാളെ ശാരീരികമായി ഉപദ്രവിക്കരുതെന്ന് പ്രതിപക്ഷത്തുനിന്നും എംഎല്‍മാര്‍ വിളിച്ചുപറഞ്ഞു. നാലുമാസമായി പെന്ഷന് മുടങ്ങിയതിനാലാണ് സന്ദര്‍ശക ഗ്യാലറിയിരുന്ന റിട്ടയേഡ് കണ്ടക്റ്റര്‍ പ്രതിഷേധിച്ചത്.
മാത്യു.ടി.തോമസിന്റെ ശുപാര്‍ശയില്‍ ഗ്യാലറിയില്‍ എത്തിയ ആളാണ് പ്രതിഷേധിച്ചത്. പ്രതിഷേധക്കാരന് നേരെ വാച്ച് ആന്‍ഡ് വാര്‍ഡ് ബലംപ്രയോഗിച്ചതോടെ പ്രതിപക്ഷം ബഹളംവെച്ചു. പെന്‍ഷന്‍കാരുടെ പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കാമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ എന്‍.ശക്തന് ഉറപ്പുനല്‍കിയതിനുശേഷമാണു പ്രതിപക്ഷം ബഹളം അവസാനിപ്പിച്ചത്. ഗാലറിയിലെ പ്രതിഷേധം ദൃശ്യമാധ്യമങ്ങള്‍ സംപ്രേഷണം ചെയ്യരുതെന്ന് പിന്നീടു ഡെപ്യൂട്ടി സ്പീക്കര്‍ നിര്‍ദേശിച്ചെങ്കിലും തത്സമയ സംപ്രേഷണത്തിലൂടെ പ്രതിഷേധം പുറംലോകം അറിഞ്ഞിരുന്നു.
സന്ദര്‍ശക ഗാലറിയില്‍ നിന്ന് മുദ്രാവാക്യം മുഴക്കിയത് സഭയുടെ പ്രത്യേക അവകാശങ്ങളുടെ ലംഘനമാണെന്ന് സ്പീക്കര്‍ പറഞ്ഞു. മുദ്രാവാക്യം വിളിച്ചയാള്‍ സഭയെ അവഹേളിച്ചുവെന്നും മേലില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ജാഗ്രത കാട്ടണമെന്നും സ്പീക്കര്‍ പറഞ്ഞു. ഇതേ അഭിപ്രായത്തോടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവതരിപ്പിച്ച പ്രമേയം സഭ അംഗീകരിച്ചു. പ്രതിഷേധിച്ചയാളെ ഇന്നലത്തെ സഭാസമ്മേളനം അവസാനിക്കും വരെ വെറും തടവിനു ശിക്ഷിച്ചു. പ്രതിഷേധിച്ചയാളുടെ പേരും മറ്റുവിവരങ്ങളും മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്നും ഡെപ്യൂട്ടി സ്പീക്കര്‍ റൂളിങ് നല്കി. ഗത്യന്തരമില്ലാതെയാണ് പെന്‍ഷന്‍കാര്‍ പ്രതിഷേധിച്ചതെന്നും സര്‍ക്കാര്‍ ഇത് ഗൗരവത്തിലെടുക്കണമെന്നും പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് പിന്നീട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: