കൊച്ചി: അമേരിക്കയില്‍ ജോലി ചെയ്യുന്നവരുടെ ബന്ധുക്കള്‍ക്ക് എമിഗ്രേഷന്‍ വിഭാഗം വിദേശ യാത്ര നിഷേധിക്കുന്നതായി പരാതി. അമേരിക്കയില്‍ ആറു മുതല്‍ 11 വര്‍ഷങ്ങള്‍ വരെയായി സ്കില്‍ഡ് ലേബര്‍ വിഭാഗത്തില്‍ ജോലിചെയ്യുന്നവരുടെ ബന്ധുക്കളാണ് പരാതിയുമായി രംഗത്തെത്തിയത്.
വര്‍ഷങ്ങളായി അമേരിക്കയില്‍ കുടുംബാംഗങ്ങളോടൊപ്പം കഴിയുന്നവരാണ് ഇവരില്‍ പലരും. മിക്കവരുടെയും മക്കള്‍ അവിടെ പഠിക്കുകയും ചെയ്യുന്നു. എന്നാല്‍ അവധിക്കായും ബന്ധുക്കളുടെ മരണത്തെ തുടര്‍ന്നും നാട്ടിലെത്തിയവരാണ് പിന്നീട് തിരിച്ചു പോകാനാവാതെ ദുരിതത്തിലായത്. ഹൈദരാബാദ്, കൊച്ചി എയര്‍പോര്‍ട്ടുകളിലാണ് യാത്രക്കാരെ തടഞ്ഞത്. തുടര്‍ന്ന് ഇവരുടെ പാസ്പോര്‍ട്ട് പിടിച്ചുവെച്ചതായും ആക്ഷേപമുണ്ട്.
യാത്ര മുടങ്ങിയവര്‍ പാസ്പോര്‍ട്ട് ഓഫീസുമായി ബന്ധപ്പെട്ടെങ്കിലും വ്യക്തമായ ഉത്തരം ലഭിച്ചില്ല. ഗ്രീന്‍ കാര്‍ഡ് കിട്ടിയവരും എമിഗ്രേഷന്‍ ക്ലിയന്‍സ് കഴിഞ്ഞ് വിമാനത്തില്‍ കയറിയവരും ഇത്തരത്തില്‍ യാത്ര നിഷേധിക്കപെട്ടവരുടെ കൂട്ടത്തിലുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള എല്ലാ മന്ത്രിമാരെയും കാണുമെന്നും ബന്ധുക്കള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ പ്രവാസി മലയാളികളുടെ ബന്ധുക്കളായ കൊല്ലം സ്വദേശിയായ രാജന് ഗീവര്‍ഗീസ്, അഡ്വ. സെബാസ്റ്റ്യന്‍, ആന്‍ഡ്രൂസ്, മേരി, അന്‍സു, വിജയന് പ്രദീപ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: