മാനന്തവാടി: കൃഷിവകുപ്പിന്റെയും മറ്റ് വിവിധ വകുപ്പുകളുടെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന നാഷണല്‍ അഗ്രിഫെസ്റ്റിന് വയനാട് ഒരുങ്ങി. ഡിസംബര്‍ 19 മുതല്‍ 26 വരെ മാനന്തവാടി വള്ളിയൂര്‍ക്കാവ് മൈതാനത്താണ് അഗ്രിഫെസ്റ്റ്. 22 മുതല്‍ 26 വരെ കൃഷി പ്രമേയമാക്കി സംസ്ഥാനത്തെ ആദ്യത്തെ ചലച്ചിത്രമേള ‘അഗ്രി ഫിലിം ഫെസ്റ്റിവലും’ ഇതോടനുബന്ധിച്ച് നടക്കും.
19ന് ഉച്ചകഴിഞ്ഞ് വിളംബര ജാഥയോടെ പരിപാടികള്‍ ആരംഭിക്കും. 20ന് ഉച്ചകഴിഞ്ഞ് ഘോഷയാത്രയും 5 മണിക്ക് ഉദ്ഘാടന സമ്മേളനവും നടക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, സംസ്ഥാന മന്ത്രിമാര്‍, വകുപ്പ് മേധാവിമാര്‍, കാര്‍ഷിക രംഗത്തെ വിദഗ്ധര്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
പ്രകൃതിയിലേക്ക് മടങ്ങാം ജൈവ കൃഷിയിലൂടെ എന്നതാണ് നാഷണല്‍ അഗ്രിഫെസ്റ്റിന്റെ ആപ്ത വാക്യം. 2016ഓടെ കേരളം സമ്പൂര്‍ണ്ണ ജൈവ സംസ്ഥാനമായി മാറുന്നതിന് മുന്നോടിയായി ജൈവ കാര്‍ഷിക പ്രചരണത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.
അഗ്രിഫെസ്റ്റിന് മുന്നോടിയായി സ്കൂള്‍തലത്തില്‍ വിവിധ മല്‍സരങ്ങളും കായികമേളയും നടത്തുന്നുണ്ട്. ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍മീഡിയ വഴി കാര്‍ഷികാനുബന്ധ വിഷയങ്ങളിലെ പ്രചരണവും നടത്തുന്നുണ്ട്. നാഷണല്‍ അഗ്രിഫെസ്റ്റ് ഡോട്ട് കോം എന്ന പേരില്‍ വെബ്സൈറ്റും ആരംഭിച്ചിട്ടുണ്ട്. 26ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ചലച്ചിത്ര നടനും ജൈവകര്‍ഷകനുമായ ശ്രീനിവാസന്, കര്‍ണ്ണാടക കൃഷി മന്ത്രി തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: