ആലപ്പുഴ: മുഹമ്മ കണ്ണര്‍കാട്ടെ പി. കൃഷ്ണപിള്ള സ്മാരകം സിപിഎമ്മുകാര്‍ തകര്‍ത്ത സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കഞ്ഞിക്കുഴി ഏരിയ കമ്മറ്റി രംഗത്തെത്തിയത് സിപിഎം സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കി. പാര്‍ട്ടി തലത്തില്‍ അന്വേഷണം വേണമെന്ന ആവശ്യത്തോട് കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ജില്ലാ നേതൃത്വം പ്രതികരിക്കാതിരുന്ന സാഹചര്യത്തിലാണ് ഗതികെട്ട് ഏരിയ കമ്മറ്റി അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന കമ്മറ്റിക്ക് പരാതി നല്‍കിയത്. സംസ്ഥാന കമ്മറ്റി നേരിട്ട് അന്വേഷിക്കണമെന്നാണ് ആവശ്യം.
സിപിഎമ്മിന്റെയും ഡിവൈഎഫഐയുടെയും സജീവ പ്രവര്‍ത്തകര്‍ സ്മാരകം തകര്‍ത്ത കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട സാഹചര്യത്തിലാണ് സംസ്ഥാന നേതൃത്വം അന്വേഷണ കമ്മീഷനെ നിയോഗിക്കണമെന്ന് ഏരിയ കമ്മറ്റി ആവശ്യം ഉയര്‍ത്തുന്നത്. വേലി പ്രശ്നം ഉണ്ടായാല്‍ വരെ അന്വേഷണ കമ്മീഷനെ നിയോഗിക്കുന്ന പതിവാണ് സിപിഎമ്മിനുള്ളത്.
എന്നാല്‍ പാര്‍ട്ടി സ്ഥാപകാചാര്യന്‍ പാമ്പുകടിയേറ്റ് മരിച്ച സ്മാരകം കത്തിക്കുകയും പ്രതിമ തകര്‍ക്കുകയും ചെയ്തിട്ട് അന്വേഷണ കമ്മീഷനെ നിയോഗിക്കുക മാത്രമല്ല, നല്ലൊരു പ്രതിഷേധ ശബ്ദമുയര്‍ത്താന്‍ പോലും പാര്‍ട്ടിക്ക് സാധിച്ചില്ലെന്നതും അണികളെ അലോസരപ്പെടുത്തുന്നു.
രണ്ട് ജില്ലാ സെക്രട്ടറിയേറ്റംഗങ്ങള്‍ മാറിമാറി സ്മാരകം നിലനില്‍ക്കുന്ന കഞ്ഞിക്കുഴി ഏരിയ കമ്മറ്റി സെക്രട്ടറി സ്ഥാനം വഹിച്ചിട്ടും ഈ വിഷയത്തില്‍ സജീവമായി ഇടപെടാന്‍ തയ്യാറായില്ല. ഇതില്‍ ഒരു ജില്ലാ സെക്രട്ടറിയേറ്റംഗത്തോടുള്ള എതിര്‍പ്പും സ്മാരകം തകര്‍ക്കലിനുള്ള കാരണങ്ങളിലൊന്നായി പറയപ്പെടുന്നുണ്ടെങ്കിലും ഈ നേതാവും അന്വേഷണാവശ്യത്തോട് നിസംഗത പുലര്‍ത്തുകയായിരുന്നു. സ്മാരകം തകര്‍ത്ത കേസിലെ പ്രതികളുമായി ജില്ലാ നേതൃത്വത്തിലുള്ള പ്രമുഖന്റെ ഇടപെടലുകളും ഫോണ്‍ വിളികളും ഇതിന്റെ പിന്നിലുള്ള ഉന്നത നേതൃത്വത്തിന്റെ പങ്കാളിത്തം വ്യക്തമാക്കുന്നതാണ്.
വിഎസ് പക്ഷക്കാരനായി അറിയപ്പെട്ടിരുന്ന പ്രധാന പ്രതി മറ്റൊരു ജില്ലാ സെക്രട്ടറിയേറ്റംഗത്തിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനായി മാറിയതും പാര്‍ട്ടി അണികള്‍ക്കിടയില്‍ ചര്‍ച്ചാ വിഷയമാണ്. ഈ സാഹചര്യത്തില്‍ ജില്ലാ നേതൃത്വത്തിനെതിരെയുള്ള കുറ്റപത്രം കൂടിയായി മാറുകയാണ് ഏരിയ കമ്മറ്റിയുടെ പരാതി. അടുത്ത ഫെബ്രുവരിയില്‍ പാര്‍ട്ടി സംസ്ഥാന സമ്മേളനം ആലപ്പുഴയില്‍ നടക്കുന്ന സാഹചര്യത്തില്‍ കഞ്ഞിക്കുഴി ഏരിയ കമ്മറ്റിയുടെ പരാതി സംസ്ഥാന നേതൃത്വത്തിന് തള്ളിക്കളയാനുമാകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: