കൊല്ലം: ആധുനിക അടിമത്തവും മനുഷ്യക്കടത്തും നിവാരണം ചെയ്യാന്‍ ആധ്യാത്മിക ആചാര്യ മാതാ അമൃതാന്ദമയി ദേവി ലോകമത നേതാക്കളുമായി കൈകോര്‍ത്തു. ആഗോള കത്തോലിക്കാസഭാ മേധാവി ഫ്രാന്‍സിസ് മാര്‍പ്പാപ്പയുമായി ചൊവ്വാഴ്ച വത്തിക്കാനില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ 2020ഓടെ ഈ വിപത്തുകള്‍ നിവാരണം ചെയ്യുന്നതിലേക്കായുള്ള പ്രതിബദ്ധതയും അവര്‍ പ്രഖ്യാപിച്ചു.
അടിമത്തം തുടച്ചുനീക്കാന്‍ കത്തോലിക, ആംഗ്ലിക്കന്‍, ഓര്‍ത്തഡോക്സ് മതനേതാക്കള്‍ക്കൊപ്പം ഹൈന്ദവ, ബുദ്ധ, യഹൂദ, മുസ്ലീം മതനേതാക്കളും ഒരുമിച്ച് അണിനിരന്ന ചരിത്രനിമിഷത്തിനായിരുന്നു വത്തിക്കാന്‍ സാക്ഷ്യം വഹിച്ചത്. മനുഷ്യക്കടത്ത്,നിര്‍ബന്ധിത ജോലിയെടുപ്പിക്കല്‍, വേശ്യാവൃത്തി,അവയവക്കടത്ത് എന്നിങ്ങനെയുള്ള ആധുനിക അടിമത്തങ്ങള്‍ മാനവരാശിക്ക് എതിരെയുള്ള കുറ്റകൃത്യമാണെന്ന് എല്ലാവരും തിരിച്ചറിയുന്നതിനുള്ള സംയുക്തപ്രഖ്യാപനത്തില്‍ എല്ലാ മതനേതാക്കളും ഒപ്പുവച്ചു. മുന്‍നിരയില്‍ മാര്‍പാപ്പയുടെ തൊട്ടടുത്തായിരുന്നു അമ്മയുടെ ഇരിപ്പിടം. മാര്‍പാപ്പക്കുശേഷം സംയുക്തപ്രഖ്യാപനത്തില്‍ ഒപ്പുവച്ചതും അമ്മയാണ്.
അടിസ്ഥാനപരമായി എല്ലാവരും തുല്യരാണെന്നതും സ്വാതന്ത്യവും അന്തസ്സും അവകാശങ്ങളാണെന്നതും അംഗീകരിക്കാതിരിക്കുന്നത് കുറ്റകരമാണെന്ന് പ്രഖ്യാപനത്തില്‍ ഉറപ്പിച്ചു പറയുന്നുണ്ട്. അടിമത്തം നിര്‍ത്തലാക്കുകയെന്ന ആവശ്യം നടപ്പിലാക്കുന്നതിന് അന്താരാഷ്ട്ര അടിമത്ത നിരോധന ദിനത്തിലെ സംയുക്ത പ്രഖ്യാപനത്തില്‍ ഒപ്പിടുന്നതിന് അമൃതാനന്ദമയി ദേവിയും മറ്റു മതനേതാക്കളും ഒരേ മനസ്സോടെ തിങ്കളാഴ്ച തന്നെ റോമില്‍ എത്തിയിരുന്നു.
അടിമത്തത്തിനെതിരെയുള്ള ചരിത്ര ദൗത്യത്തില്‍ മാര്‍പാപ്പയ്ക്കൊപ്പം പങ്കാളിയാകന്‍ തന്നെ ക്ഷണിച്ചത് ആദരവായി കാണുന്നതായി മാതാ അമൃതാനന്ദമയി ദേവി പറഞ്ഞു. അടിമത്തവും മനുഷ്യക്കടത്തും അവസാനിപ്പിക്കാന്‍ ആത്മീയവും പ്രായോഗികവുമായ നടപടികള്‍ക്കായി ആഗോളതലത്തില്‍ വിശ്വാസങ്ങളെ ഒന്നിപ്പിച്ചത് ശുഭപ്രതീക്ഷ നല്‍കുന്നതായി അമ്മ പറഞ്ഞു. ഗ്ലോബല്‍ ഫ്രീഡം നെറ്റ്വര്‍ക്കിന്റെ കീഴില്‍ മാര്‍പാപ്പയുടെ നേതൃത്വത്തില്‍ ഒരുമിച്ചു കൊണ്ടുവന്നതിനെ അമ്മ അഭിനന്ദിച്ചു.
അന്തമില്ലാത്ത ദുരിതങ്ങള്‍ക്കു മുന്നില്‍ അവര്‍ മനുഷ്യകുലത്തില്പ്പെട്ടവര് മാത്രമാണെന്ന് അമ്മ ചൂണ്ടിക്കാട്ടി. മതമെന്നും ജാതിയെന്നും ഭാഷയെന്നുമുള്ള വേര്‍തിരിവുകളും രാജ്യാതിര്‍ത്തികളുടെ പേരിലും മനുഷ് മനസ്സ് പലതായി വിഭജിക്കപ്പെട്ടിരിക്കുകയാണ്.ഈ സ്വയം നിര്മ്മിതചുമരുകള് തകര്‍ത്ത് ശുദ്ധമായ സ്നേഹം കൊണ്ട് എല്ലാവരേയും യോജിപ്പിക്കാന്‍ കഴിയണമെന്നും അമ്മ തന്റെ പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു.
വോക്ക് ഫ്രീ ഫൗണ്ടേഷന് പ്രതിനിധിയും ജിഎഫ്എന് പങ്കാളിയുമായ ആന്‍ഡ്രൂ ഫോറസ്റ്റും, സാമൂഹിക സംഘടനകള്‍, വ്യാപാര മേഖലകള്‍ എന്നിവിടങ്ങളിലെ അന്താരാഷ്ട്രതലത്തിലുള്ള നിരവധി നേതാക്കന്മാരും സംയുക്ത പ്രഖ്യാപന ഒപ്പു വയ്ക്കല്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: