കൊല്ലം:കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായകപങ്ക് വഹിച്ച് ഒരു കാലഘട്ടത്തില്‍ നാടുനീളെ വിപ്ലവകഥകള്‍ പറഞ്ഞ വി.സാംബശിവന്റെ മകന് ജീസസ് സാംബശിവന് ബിജെപിയില്‍ ചേര്‍ന്നു.
ജയകൃഷ്ണന് മാസ്റ്റര്‍ ബലിദാനദിനത്തില്‍ കൊല്ലത്ത് നടന്ന ജനശക്തിസംഗമത്തില് സംസ്ഥാന സെക്രട്ടറി എ.എന്‍.രാധാകൃഷ്ണനില്‍ നിന്നാണ് അദ്ദേഹം അംഗത്വം സ്വീകരിച്ചത്.
കമ്യൂണിസ്റ്റ് ആശയഗതിക്കാരനെങ്കിലും പിണറായി വിജയന് പാര്‍ട്ടി നേതൃത്വത്തില്‍ എത്തിയതിന് ശേഷം പാര്‍ട്ടിയുടെ മാറ്റം തന്നെ ഇരുത്തിചിന്തിപ്പിച്ചതായി ജീസസ് സാംബശിവന് ‘ജന്മഭൂമി’യോട് പറഞ്ഞു. പാര്‍ട്ടി വളര്‍ത്താന്‍ ത്യാഗനിര്‍ഭരമായ ജീവിതം നയിച്ച എ.കെ.ജിക്കും നായനാര്‍ക്കും ഇഎംഎസിനുമൊപ്പം താരതമ്യം ചെയ്യാന്‍ പോലുമുള്ള യോഗ്യതയില്ലാത്ത ഏകാധിപതിയാണ് പിണറായി വിജയന്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പാര്‍ട്ടിയിലെ ബഹുഭൂരിപക്ഷം സഖാക്കളും അസ്വസ്ഥരും ദുഖിതരുമാണ്. പാര്‍ട്ടി നേരിടുന്ന എല്ലാ ജീര്‍ണതകള്‍ക്കും കാരണക്കാരന്‍ പിണറായി ഉള്‍പ്പെടുന്ന കണ്ണൂര്‍ ലോബിയാണ്.
രണ്ട് ദശകമായി ബിജെപിയെ നിരീക്ഷിച്ചുവരികയാണ്. നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഗുജറാത്തില്‍ കൈവരിച്ച വികസനം സമാനതകളില്ലാത്തതാണ്. ആ വികസനം രാജ്യത്താകെ വരുമെന്ന് വിശ്വാസമുണ്ട്. നിലവില്‍ കേരളത്തിന് നിയമസഭയിലോ പാര്‍ലമെന്റിലോ പ്രാതിനിധ്യമില്ല. അതുകൊണ്ട് തന്നെ വികസനക്കുതിപ്പില്‍ സംസ്ഥാനത്തിന് പരാജയം സംഭവിക്കാന്‍ പോകുകയാണ്. അതിന് പരിഹാരമായി ബിജെപിക്ക് വ്യക്തമായി മുന്നേറാനാകണം. അതിന് തടസം ഇവിടെ സിപിഎമ്മാണ്.
35 വര്‍ഷം ഭരിച്ച പശ്ചിമബംഗാളില്‍ സിപിഎം അസ്തമിച്ച പോലെ കേരളത്തിലും ആസന്നഭാവിയില്‍ ദാരുണമായ പതനം കാത്തിരിക്കുന്നു. കേവലമായ രാഷ്ട്രീയ അഡ്ജസ്റ്റ്മെന്റ് സമരങ്ങളും വിവാദകോലാഹലങ്ങളുമല്ലാതെ നാടിന്റെ വികസനത്തിനും പാവപ്പെട്ടവന്റെ ഉന്നതിക്കും വേണ്ടി യാതൊന്നും ചെയ്യാത്തവരാണ് സിപിഎമ്മിലുള്ളത്.
ടി.പി.ചന്ദ്രശേഖരന് വധക്കേസിലെ പ്രതികളായ കൊടി സുനിക്കും കൂട്ടാളികള്‍ക്കും വേണ്ടി കേസിന് ചിലവാക്കിയ തുക വിനിയോഗിച്ച് പാര്‍ട്ടിക്ക് വേണ്ടി പണിയെടുക്കുന്ന പാവപ്പെട്ട സഖാക്കള്‍ക്ക് വീട് വച്ച് കൊടുത്തിരുന്നുവെങ്കില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് നന്മയുണ്ടെന്ന് ഞാന്‍ പറഞ്ഞേനെ.
സോവിയറ്റ് യൂണിയന്റെ പതനത്തോടെ ലോകത്ത് കമ്യൂണിസത്തിന് വേരില്ലാതായി. നരേന്ദ്രമോദിയെക്കുറിച്ച് ഭീതി വളര്‍ത്തുന്ന പ്രവണത സിപിഎമ്മിന് അവസാനിപ്പിക്കേണ്ടിവരും. കേരളത്തിലെ ജനങ്ങള്‍ പുനര്‍ചിന്തനത്തിന്റെ പാതയിലാണ്.
2015ല്‍ തദ്ദേശഭരണ തെരഞ്ഞെടുപ്പിലും 2016ല്‍ അസംബ്ലി തെരഞ്ഞെടുപ്പിലും ഇത് വ്യക്തമായി പ്രതിഫലിക്കും. ചുരുങ്ങിയ സമയത്തിനുള്ളില്‍ മികച്ച ഭരണാധികാരിയും ആദര്ശരാഷ്ട്രീയക്കാരനുമാണ് നരേന്ദ്രമോദിയെന്ന് മനസിലാക്കിയ മലയാളികള്‍ താമരക്ക് അംഗീകാരം നല്‍കുമെന്നും ജീസസ് സാംബശിവന് കൂട്ടിച്ചേര്‍ത്തു. സാംബശിവന്റെ അഞ്ച് മക്കളില്‍ മൂന്നാമനാണ് ജീസസ്. ഇദ്ദേഹത്തെ കൂടാതെ സിപിഎം, സിപിഐ, ആര്‍എസ്പി, കോണ്‍ഗ്രസ് പാര്‍ട്ടികളില്‍ നിന്ന് ബിജെപിയിലേക്കെത്തിയവരെയും സംസ്ഥാന ജനറല്‍സെക്രട്ടറി സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: