കോഴിക്കോട്: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളില്‍ ഇ-ടെണ്ടറിംഗിനുള്ള നീക്കം അവതാളത്തില്‍. ത്രിതല പഞ്ചായത്തുകളില്‍ എത്രയും പെട്ടന്ന് നടപ്പാക്കാന്‍ ആവിഷ്കരിച്ച ഈ സംവിധാനം നാല് മാസം കഴിഞ്ഞിട്ടും സാങ്കേതിക തടസ്സങ്ങളാല്‍ മുടന്തി നില്‍ക്കുകയാണ്. പദ്ധതി നിര്‍വ്വഹണ ഉദ്യോഗസ്ഥരായ എന്‍ജിനീയര്‍മാര്‍ക്ക് ഡിജിറ്റല്‍ ഒപ്പ് ലഭിക്കാത്തതും ചില പഞ്ചായത്തുകള്‍ നിലവിലെ രീതി തുടരാന്‍ താല്പ്പര്യപ്പെടുന്നതുമാണ് ഇ -ടെണ്ടറിംഗ് വൈകാന്‍ കാരണം.
ടെണ്ടര്‍ നടപടി ക്രമങ്ങള്‍ സുതാര്യവും വേഗത്തിലാക്കാനും ഉദ്ദേശിച്ചാണ് പുതിയ രീതി കൊണ്ട് വന്നത്. നിലവിലെ ടെണ്ടര്‍ നടപടികളില്‍ അഴിമതിയുണ്ടെന്ന വ്യാപകമായ പരാതി ഒഴിവാക്കുകയും ലക്ഷ്യമാണ്.
നെറ്റ് വര്‍ക്ക് സംവിധാനത്തിലൂടെ കരാറുകാരനും മറ്റും എപ്പോള്‍, എവിടെ നിന്നും പരിശോധിക്കാവുന്നതാണ് ഇ-ടെണ്ടറിംഗ്. ഇത് നടപ്പാക്കാനായി പ്രത്യേക സോഫ്റ്റ്വെയറും അനുബന്ധക്രമീകരണങ്ങളും സര്‍ക്കാര്‍ വകുപ്പുകളില്‍ ഏര്‍പ്പെടുത്തുകയുണ്ടായി. ഇതിന്റെ ഭാഗമായി പദ്ധതി നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ക്ക് ഡിജിറ്റല്‍ ഒപ്പ് നിര്ബ്ബന്ധവുമാക്കി.
എന്നാല്‍ നാല് മാസം കഴിഞ്ഞിട്ടും ജില്ലാ,ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് എന്‍ജിനിയര്‍മാരില്‍ പലര്‍ക്കും ഡിജിറ്റല്‍ ഒപ്പ് കിട്ടിയിട്ടില്ല. അംഗീകൃത സ്ഥാപനമായ നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററില്‍ (എന്‍ഐസി) അപേക്ഷ നല്കി നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ ഡിജിറ്റല്‍ ഒപ്പ് ലഭ്യമാകുമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദ്ദേശം.
ഇപ്രകാരം ചെയ്തെങ്കിലും ഫലമുണ്ടായില്ലെന്നാണ് എന്‍ജിനീയര്‍മാര്‍ പറയുന്നത്. ചിലര്‍ക്ക് ഒപ്പ് കിട്ടിയെങ്കിലും അത് സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് ലഭ്യമായില്ല. എന്‍ഐസിയുമായി ബന്ധപ്പെടുമ്പോള്‍ സര്‍വ്വര്‍ കേടാണന്ന മറുപടിയാണത്രെ നല്‍കുന്നത്. ഇക്കാര്യത്തില്‍ ഇറക്കിയ വിവിധ സര്‍ക്കുലറുകളും ഉദ്യോഗസ്ഥരില്‍ ആശയകുഴപ്പം ഉണ്ടാക്കി. എന്ഐസിയിലൂടെ ഒപ്പ് ലഭിക്കാത്തവര്‍ ഇ-മുദ്ര എന്ന സ്ഥാപനത്തിലൂടെ അത് സംഘടിപ്പിക്കണമെന്നാണ് സര്‍ക്കാരിന്റെ പുതിയ നിര്‍ദ്ദേശം.
ടെണ്ടര്‍ ഒഴിവാക്കി കമ്മിറ്റി പ്രവൃത്തി തന്നെ തുടരാന്‍ താല്പര്യപ്പെടുന്ന പഞ്ചായത്തുകളുമുണ്ട്. പ്രത്യേകിച്ചും ഗ്രാമപഞ്ചായത്തുകള്‍. 15 ലക്ഷത്തിന് മുകളിലുള്ള പ്രവൃത്തി ടെണ്ടര്‍ ചെയ്താല്‍ മതിയെന്ന ചട്ടത്തില്‍ നിന്ന് ഇ-ടെണ്ടറിന് വിമുഖത കാട്ടുകയാണവര്‍.
തദ്ദേശ സ്ഥാപനങ്ങളില്‍ ഇ ടെണ്ടറിംഗ് വൈകുന്നതിന് കാരണക്കാര്‍ എന്‍ജിനീയര്‍മാരാണെന്ന് വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോ- ഓര്‍ഡിനേഷന്‍ സമിതിയിലും അഭിപ്രായമുണ്ടായി. ഇത് സംബന്ധിച്ച പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള നിര്‍ദ്ദേശങ്ങളും തേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: