ഗുരുവായൂര്‍: അഞ്ചരപതിറ്റാണ്ടോളം ഗുരുവായൂരപ്പന്റെ തിടമ്പേറ്റി ഭഗവാനെ സേവിച്ച് ആനകളുടെ ചരിത്രത്തില്‍ തന്നെ സുവര്‍ണ്ണ അധ്യായം എഴുതിചേര്‍ത്ത ഗജരാജന്‍ ഗുരുവായൂര്‍ കേശവന് പിന്മുറക്കാരായ ഗജവൃന്ദം ഇന്നലെ സ്നേഹപ്രണാമം നടത്തി.
രാവിലെ ദേവസ്വത്തിലെ 21 ഗജവീരന്മാര് ഘോഷയാത്രയായി എത്തിയാണ് ഗജരാജന്‍ ഗുരുവായൂര്‍ കേശവന് ശ്രദ്ധാജജ്ഞലി അര്‍പ്പിച്ചത്. രാവിലെ ഒന്‍പത് മണിയോടെ തിരുവെങ്കിടാചലപതി ക്ഷേത്രത്തില്‍ നിന്ന് തവില്‍ നാദസ്വരത്തിന്റെ അകമ്പടിയില്‍ ഘോഷയാത്ര ആരംഭിച്ചു. കേശവന്റെ ഛായചിത്രം വഹിച്ച് ഗജരത്നം പത്മനാഭനും ഗുരുവായൂരപ്പന്റെ ഫോട്ടോ വഹിച്ച് ഗജസാമ്രാട്ട് വലിയകേശവനും ഘോഷയാത്രക്കു മുന്നില്‍ നീങ്ങി.
പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ എത്തി ഭഗവാനെ വണങ്ങിയ ശേഷം ഗുരുവായൂരപ്പ സന്നിധിയിലെത്തിയ ഘോഷയാത്ര ക്ഷേത്രവും രുദ്രതീര്‍ത്ഥക്കുളവും പ്രദക്ഷിണം ചെയ്ത ശേഷം ശ്രീവത്സം ഗസ്റ്റ്ഹൗസ് അങ്കണത്തില്‍ സ്ഥാപിച്ചിട്ടുള്ള കേശവന്റെ പൂര്‍ണ്ണകായ പ്രതിമക്കു മുന്നില്‍ അണിനിരന്നു. ഗജരത്നം പത്മനാഭന് കേശവന്റെ പ്രതിമ വലംവെച്ച് പുഷ്പാര്‍ച്ചന നടത്തി.
ദേവസ്വം ചെയര്മാന് ടി.വി.ചന്ദ്രമോഹന്, അഡ്മിനിസ്ട്രേറ്റര്‍ ബി. മഹേഷ്, ഭരണസമിതി അംഗങ്ങളായ അഡ്വ.എ.സുരേശന്, ഗുരുവായൂര്‍ അസി: പോലീസ് കമ്മീഷണര്‍ ആര്.ജയചന്ദ്ര ന്‍പിള്ള, സി.ഐ: എം.യു.ബാലകൃഷ്ണന് തുടങ്ങിയവര്‍ പത്മനാഭന് അവില്, മലര്, പഴം, ശര്‍ക്കര എന്നിവ നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: