ശബരിമല: കോടികളുടെ നടവരവുള്ള ശബരിമലയില്‍ ഭണ്ഡാരത്തില് നിന്നും ലഭിക്കുന്ന പണം എണ്ണുന്നത് അശാസ്ത്രീയമായി. അപരിഷ്കൃതമായ പരിശോധനകളും പരിഷ്ക്കരിക്കാത്ത കെട്ടിടവും ഉള്‍പ്പെട്ടതാണ് കാണിക്ക എണ്ണുന്ന സ്ഥലം. രണ്ട് നിലകളിലായാണ് പണം എണ്ണുന്നത്. പ്രധാന ഭണ്ഡാരത്തില് നിന്നുള്ള കാണിക്ക കണ്‍വേയര്‍ വഴി ഒരുനിലയിലേക്കും മറ്റ് ഭണ്ഡാരങ്ങളില് നിന്നുള്ള കാണിക്ക മുകളിലത്തെ നിലയിലുമാണ് എത്തുക.
എന്നാല്‍ പ്രധാന ഭണ്ഡാരത്തില് നിന്നും എത്തുന്ന പണം എണ്ണിത്തിട്ടപ്പെടുത്തുന്ന ഹാളില്‍ നിരവധി തൂണുകള്‍ ഉണ്ട്. ഇത് സി സി ടി വി യ്ക്ക്പോലും പ്രതിബന്ധം സൃഷ്ടിക്കുന്നു. പരിശോധനകള്‍ അപരിഷ്കൃതമായി തുടരുമ്പോഴും പണം എണ്ണുന്ന ഹാള്‍ നവീകരിക്കാന്‍ ദേവസ്വം ബോര്‍ഡ് തയ്യാറായിട്ടില്ല.
ശബരിമലയില്‍ ഏറ്റവും വലിയവരുമാനം ഭണ്ഡാരത്തില്നിന്നുള്ളതാണ്. ഇത് എണ്ണിത്തിട്ടപ്പെടുത്താന്‍ 150 ജീവനക്കാര്‍ മാത്രമാണ് ഉള്ളത്. ഞായറാഴ്ച വരെ ശബരിമലയില്‍ ലഭിച്ചവരുമാനം 47കോടി 83 ലക്ഷം രൂപയാണ്. കഴിഞ്ഞവര്‍ഷം ഇതേദിവസം ലഭിച്ച വരുമാനത്തെക്കാള്‍ 10 കോടി കൂടുതല്‍. ഇതില്‍ നല്ലൊരു ശതമാനം ഭണ്ഡാരവരവ് തന്നെയാണ്. ഒരു ജീവനക്കാരന് രണ്ട് ടേണായി ഇവിടെ ജോലി നോക്കുന്നു.
പണവും ,സ്വര്‍ണ്ണവും ,വെള്ളിയുമെല്ലാം ഭണ്ഡാരത്തില് നിക്ഷേപിക്കപ്പെടുന്നുണ്ട്. ഒപ്പം ഭസ്മം, മഞ്ഞള്‍പ്പൊടി തുടങ്ങിയവയും അറിഞ്ഞോ,അറിയാതെയോ നിക്ഷേപിക്കപ്പെടുന്നു. ഇതുമൂലമുണ്ടാകുന്ന പൊടിശല്ല്യം ജീവനക്കാരെ ബുദ്ധിമുട്ടിക്കുന്നു. 60 ദിവസം ഇവിടെ തുടര്‍ച്ചയായി ജോലിചെയ്താല്‍ പൊടിശല്യം ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യും.
ഭണ്ഡാരവരവ് വര്‍ഷം തോറും കുത്തനെ ഉയരുന്നുണ്ട്. അതിനനുസരിച്ച് പണം എണ്ണിത്തിട്ടപ്പെടുത്തുന്ന സ്ഥലത്തെ നിലവാരവും മെച്ചപ്പെടണം. ക്ഷേത്രത്തിന് വടക്കേ മുറ്റത്ത് സ്ഥലമില്ലാത്തതിനാല്‍ അനുബന്ധ നിര്‍മ്മാണം തല്ക്കാലം നടക്കില്ല. എന്നാല്‍ തൂണുകള്‍ ഒഴിവാക്കി പണമെണ്ണുന്ന ഹാള്‍ പരിഷ്ക്കരിക്കാവുന്നതാണ്. സിസിടിവി സജ്ജമാക്കുന്നതിനും ഇത് അനുയോജ്യമാകും. ജീവനക്കാരെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താതിരിക്കാന്‍ ഈ നടപടി സഹായിക്കും.
ജീവനക്കാരെ പ്രാകൃതരീതിയില്‍ പരിശോധിക്കുന്നത് അവസാനിപ്പിച്ച് മികച്ച ശാസ്ത്രീയ രീതികള്‍ നടപ്പാക്കണം .എന്നാല്‍ ഈ രീതിയിലുള്ള നീക്കം ബോര്‍ഡിന്റെ ഭാഗത്തുനിന്നുമുണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: