തിരുവനന്തപുരം: ബാര്‍കോഴ വിഷയത്തില്‍ നിയമസഭയിലും സിപിഎമ്മിന്റെ അഡ്ജസ്റ്റ്മെന്റ്. പ്രശ്നം സഭയില്‍ കടുത്ത പ്രതിഷേധത്തിനും സര്‍ക്കാരിനെതിരായ പ്രതിരോധത്തിനും വിഷയമാകുമെന്ന ധാരണകള്‍ തകിടം മറിഞ്ഞു. മന്ത്രി കെ.എം. മാണിയെ ഇരുത്തിക്കൊണ്ട് സഭ നടത്തിക്കില്ലെന്ന സിപിഐയുടെ ഭീഷണിയും ചീറ്റിപ്പോയി.
എല്ലാവരും ഒത്തുള്ള അഡ്ജസ്റ്റ്മെന്റ് സമരമായിരുന്നു സഭ ദര്‍ശിച്ചത്. മാത്രമല്ല, മാണിക്ക് തന്റെ നിലപാട് വിശദീകരിക്കാനുള്ള അവസരവും പ്രതിപക്ഷം നല്കി. ഇതിലൂടെ ആരോപണങ്ങളുടെ ഇരുമ്പുവളയങ്ങളെ ഭേദിച്ച്, താനൊറ്റയ്ക്ക് ഒന്നും ചെയ്തിട്ടില്ലെന്നും ബാര്‍ വിഷയത്തില്‍ മന്ത്രിസഭ ഒറ്റക്കെട്ടായെടുത്ത തീരുമാനങ്ങളാണ് നടപ്പാക്കിയതെന്നും മാണിക്ക് സമര്‍ത്ഥിക്കാനായി. ഫലത്തില്‍ മാണിക്ക് രക്ഷപ്പെടാനുള്ള പഴുത് പ്രതിപക്ഷം ഒരുക്കിക്കൊടുക്കുകയായിരുന്നു.
സഭാ സമ്മേളനം ആരംഭിച്ചതോടെ മാണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്ലക്കാര്‍ഡുകളും ബാനറുകളുമായി പ്രതിപക്ഷം ബഹളമുണ്ടാക്കി. ചോദ്യോത്തരവേളയില്‍ തന്നെ വിഷയം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും നോട്ടീസ് ശൂന്യവേളയില്‍ പരിഗണിക്കാമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ എന്‍. ശക്തന് അറിയിച്ചു. ആ അഭ്യര്‍ത്ഥന പ്രതിപക്ഷം അനുസരണയോടെ കേട്ടു. ബാര്‍കോഴ ആരോപണം അടിയന്തര പ്രമേയത്തില്‍ ഉന്നയിച്ചത് കോടിയേരി ബാലകൃഷ്ണനായിരുന്നു. 25 മിനിറ്റോളം ചെലവിട്ട് വിഷയമവതരിപ്പിച്ചെങ്കിലും ആരോപണങ്ങള്‍ക്ക് മൂര്‍ച്ചയും അവതരണശൈലിക്ക് ഊര്‍ജ്ജമുണ്ടായിരുന്നില്ല. ആരോപണ-പ്രത്യാരോപണങ്ങളും ചെറിയ വാക്പയറ്റുകള്ക്കുമിടെ നടുത്തളത്തില്‍ വരെ പ്രതിഷേധമെത്തിയെങ്കിലും അത് ഇറങ്ങിപ്പോക്കില്‍ അവസാനിച്ചു.
ഘട്ടം ഘട്ടമായി മദ്യനിരോധനം എന്നുപറഞ്ഞ് ഘട്ടം ഘട്ടമായി കൈക്കൂലി വാങ്ങുകയായിരുന്നുവെന്ന് കോടിയേരി ആരോപിച്ചു. വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായില്ല. രണ്ട് ലക്ഷം രൂപ മുതല്‍ 25 ലക്ഷം വരെ ഓരോ ബാറുടമകളില്‍ നിന്നും പിരിച്ചിട്ടുണ്ടെന്നാണ് അസോസിയേഷന് പറയുന്നത്. മന്ത്രിമാര്‍ക്കും യുഡിഎഫ് നേതാക്കള്‍ക്കും നല്കാന് വേണ്ടിയാണ് ഈ പണപ്പിരിവ്. തെളിവ് നല്കാന് പ്രാപ്തരായ സാക്ഷികളെ ലഭിച്ചിട്ടും കുറ്റവാളികളെ രക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും കോടിയേരി പറഞ്ഞു. കോഴ വാങ്ങുന്നതിന്റെ തെളിവുകള്‍ അടങ്ങിയ സിഡി ഹാജരാക്കിയ കോടിയേരി അതു നിയമസഭയുടെ മേശപ്പുറത്ത് വെക്കുകയാണെന്നറിയിച്ചു. എന്നാല്‍, മുന്‍കൂര്‍ അനുമതിയില്ലാതെ സഭയുടെ മേശപ്പുറത്ത് വെക്കാന്‍ കഴിയില്ലെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ അറിയിച്ചു.
അന്വേഷണം അന്തിമഘട്ടത്തിലാണെന്നും ആരെങ്കിലും എന്തെങ്കിലും ആരോപണം ഉന്നയിച്ചെന്ന് കരുതി കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ലെന്നും നിയമപരമായാണ് വിജിലന്‍സ് മുന്നോട്ടുപോകുന്നതെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മറുപടി നല്കി. ചെറിയ വിഷയങ്ങള്‍ക്ക് പോലും ബഹളമുണ്ടാക്കുന്ന പ്രതിപക്ഷം മന്ത്രിയുടെ മറുപടിയില്‍ തൃപ്തിയടഞ്ഞു.
തുടര്‍ന്ന് മാണിയുടെ വിശദീകരണമായിരുന്നു. താന്‍ കോഴ വാങ്ങിയില്ലെന്നും ബാര്‍ വിഷയത്തിലെ നിലപാട് മന്ത്രിസഭയുടെ കൂട്ടായ തീരുമാനമാണെന്നും മാണി ആവര് ത്തിച്ചു. ‘മദ്യ മുതലാളിമാരുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തുന്നത് ശരിയാണോ കോടിയേരി’ എന്ന മാണിയുടെ ചോദ്യം സഭയില്‍ അല്‍പ്പനേരം ബഹളത്തിലാഴ്ത്തി. നാളെ ആരെങ്കിലും കവലയില്‍ ഇരുന്ന് ആരോപണം ഉന്നയിച്ചാല്‍ കോടിയേരി രാജിവെക്കുമോയെന്നും മാണി ചോദിച്ചു. കോടിയേരി ഗൂഢാലോചന നടത്തിയെന്നാണ് മാണി പറഞ്ഞതെന്നാരോപിച്ചായിരുന്നു ബഹളം. പരാമര്‍ശം സഭാരേഖയില്‍ നിന്ന് നീക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പരിശോധിക്കാമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ അറിയിച്ചതോടെ പ്രതിപക്ഷം അടങ്ങി.
മാണിയെ സഭയിലിരുത്തില്ലെന്ന് പറഞ്ഞ സി. ദിവാകരനും മൗനംപാലിച്ചു. മാണിക്കെതിരെ ആഞ്ഞടിക്കുമെന്ന് കരുതിയ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും മലക്കം മറിഞ്ഞു. മാണിയെ അത്രയധികം ആക്രമിക്കേണ്ടെന്ന പാര്‍ട്ടി തീരുമാനത്തെ വിഎസും ശിരസാവഹിച്ചതോടെ ബാര്‍കോഴ ആരോപണം നിയമസഭയില്‍ പ്രതിപക്ഷം തന്നെ മുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: