തിരുവനന്തപുരം : കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ 2013ലെ ബാലസാഹിത്യ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. കഥ/നോവല്‍ വിഭാഗത്തില്‍ സി. രാധാകൃഷ്ണന് രചിച്ച അമ്മത്തൊട്ടിലും കവിതാവിഭാഗത്തില്‍ എസ്. രമേശന്‍നായര്‍ രചിച്ച പഞ്ചാമൃതവും ശാസ്ത്രവിഭാഗത്തില്‍ ഡോ. രാജുനാരായണസ്വാമി രചിച്ച നീലക്കുറിഞ്ഞി-ഒരു വ്യാഴവട്ടത്തിലെ വസന്തവും വൈജ്ഞാനിക വിഭാഗത്തില്‍ എസ്. അനിത രചിച്ച കുട്ടിക്കാഴ്ച്ചകള്@ലക്ഷദ്വീപ് എന്ന പുസ്തകവും ജീവചരിത്രവിഭാഗത്തില്‍ ഡോ. ആര്. സത്യജിത്ത് രചിച്ച സഹോദരന് അയ്യപ്പന് എന്ന പുസ്തകവും നാടകവിഭാഗത്തില്‍ സുധന് നന്മണ്ട രചിച്ച അവസാനത്തെ ചിത്രമെന്ന പുസ്തകവും അവാര്‍ഡിനര്‍ഹമായി.
വിവര്‍ത്തനവിഭാഗത്തില്‍ പ്രേംചന്ദ്രിന്റെ തിരഞ്ഞെടുത്ത കഥകള്‍ വിവര്‍ത്തനം ചെയ്ത പി. മാധവന്‍പിള്ളയും ചിത്രഗ്രീവന്‍ ഒരു പ്രാവിന്റെ കഥ വിവര്‍ത്തനം ചെയ്ത ശ്രീദേവി എസ്. കര്‍ത്തയും പുരസ്കാരം പങ്കിട്ടു. പൂക്കാലം എന്ന പുസ്തകത്തിന്റെ ചിത്രീകരണം നിര്‍വ്വഹിച്ച ജയകൃഷ്ണന് ചിത്രീകരണ വിഭാഗത്തില്‍ അവാര്‍ഡ് ലഭിച്ചു.
ചിത്രപുസ്തകവിഭാഗത്തില് എന്‍.ടി രാജീവിന്റെ ഹാവു എന്ന പുസ്തകം പുരസ്കാരത്തിന് അര്‍ഹമായി. മഹാഭാരതം എന്ന പുസ്തകം പ്രൊഡക്ഷന്‍ വിഭാഗത്തില്‍ കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ടിനെ അവാര്‍ഡിന് അര്‍ഹമാക്കി. 10000 രൂപയും പ്രശസ്തി ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: