പച്ചാളത്ത് പോലീസ് അറസ്റ്റ് ചെയ്ത സമരസമിതി പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യം അര്‍പ്പിക്കാനെത്തിയ ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍സെക്രട്ടറി കുമ്മനം രാജശേഖരനെ പ്രവര്‍ത്തകര്‍
സ്വീകരിക്കുന്നു
കൊച്ചി: അശാസ്ത്രീയമായ മേല്‍പ്പാലം നിര്‍മാണത്തിനെതിരെ പച്ചാളത്തെ ജനങ്ങള്‍ നടത്തി വരുന്ന സമരം അതിജീവനത്തിനായുള്ള പോരാട്ടമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍സെക്രട്ടറി കുമ്മനം രാജശേഖരന്. നിരവധി കുടുംബങ്ങളെ കുടിയൊഴിപ്പിച്ചും ക്ഷേത്ര ഭൂമി ഏറ്റെടുത്തുമുള്ള അശാസ്ത്രീയമായ പച്ചാളം മേല്‍പ്പാല നിര്‍മാണവുമായി മുന്നോട്ട് പോകാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ സാധാരണക്കാരെ ഭരണകൂട ഭീകരത സമസ്തമേഖലകളിലും അടിച്ചമര്‍ത്തുകയാണ്. ഇതു തന്നെയാണ് പച്ചാളത്തും സംഭവിച്ചിരിക്കുന്നത്.
പോലീസ് അറസ്റ്റ് ചെയ്ത സമരസമിതി പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചി വികസന താല്പര്യം ബലികഴിച്ചും കോടതിയെ തെറ്റിദ്ധരിപ്പിച്ചുമാണ് ജനപ്രതിനിധികള്‍ പച്ചാളം പാലം നിര്‍മ്മാണത്തിന് കൂട്ടുനില്‍ക്കുന്നത്.
നടപടികള്‍ പൂര്‍ത്തിയായ കിറ്റ്കോ പ്ലാന്‍ അട്ടിമറിച്ചതാണെന്നും ആരോപണമുണ്ട്.
പച്ചാളം കാട്ടുങ്കല്‍ ക്ഷേത്രത്തിന്റെ നല്ലൊരുഭാഗം ഭൂമിയും ക്ഷേത്രഭാഗങ്ങളും ഇപ്പോഴത്തെ മേല്‍പ്പാല നിര്‍മാണത്തിനായി ഏറ്റെടുക്കാനാണ് നീക്കം. ചിലരുടെ താല്പര്യങ്ങള് സംരക്ഷിക്കാനാണ് സാമൂഹ്യനീതി നിഷേധിച്ചുകൊണ്ട് സര്‍ക്കാര്‍ അശാസ്ത്രീയ മേല്‍പ്പാല നിര്‍മാണവുമായി മുന്നോട്ട് പോകുന്നതെന്നും കുമ്മനം കുറ്റപ്പെടുത്തി.
ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ അനധികൃത പാലം നിര്‍മ്മാണത്തിനെതിരെ ഇന്നലെ രാവിലെ പ്രതിഷേധ സമരം നടന്നു. സമരം ശക്തമായതിനെ തുടര്‍ന്ന് പോലീസ് അമ്മമാര്‍ ഉള്‍പ്പെടെ 100ഓളം സമരസമിതി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കി. ഇത് ഏറെ നേരത്തേക്ക് സംഘര്‍ഷങ്ങള്‍ക്ക് കാരണമായി. എന്നാല്‍ ജനകീയരോക്ഷം ശക്തമായതോടെ പോലീസ് പ്രവര്‍ത്തകരെ വിട്ടയക്കുകയായിരുന്നു. തുടര്‍ന്ന് പച്ചാളത്ത് പ്രതിഷേധ യോഗം നടന്നു. വരും ദിവസങ്ങളില്‍ സമരം ശക്തമാക്കുമെന്നും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായി തടസ്സപ്പെടുത്തുമെന്നും സമരസമിതി കണ്‍വീനര്‍ അബിജു സുരേഷ് പറഞ്ഞു.
വിഎച്ച്പി മേഖലാ സെക്രട്ടറി എന്‍.ആര് സുധാകരന്, ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി പി.കെ സുരേഷ്, കര്‍ഷക മോര്‍ച്ച സംസ്ഥാന സെക്രട്ടറി ബാലചന്ദ്രന്,ആര്.എസ്.എസ് കൊച്ചി മഹാനഗര്‍ കാര്യവാഹ് രാജേഷ്ചന്ദ്രന്,സഹ കാര്യവാഹ് എം.എല്‍ സെല്വന്,അഡ്വ: ശ്രീകല, ബിജെപി സംസ്ഥാന സമിതി അംഗം അഡ്വ:പി.കൃഷ്ണദാസ്, ഹിന്ദുഐക്യവേദി സംസ്ഥാന സമിതി അംഗം ക്യാപ്റ്റന്‍ സുന്ദരം,വിഭാഗ് ബൗദ്ധിക് പ്രമുഖ് എം.ആര് കൃഷ്ണകുമാര്‍, പി.എല്‍ ബാബു, എം.എല്‍ രമേശ്, ബിജെപി മണ്ഡലം സെക്രട്ടറിയും സമരസമിതി ജനറല്‍ കണ്‍വീനറുമായ അബിജു സുരേഷ് ,സി.ജി രാജഗോപാല്‍,എന്‍ അശോകന്, അനില്‍ വടുതല, മുരളി അയ്യപ്പന് കാവ്, രാജേഷ് ഷണ്മുഖപുരം, ജൂസ് ബിജു, അനില്‍, കെ.ആര് രതീഷ്, സരിത സന്തോഷ്, ബാബു പച്ചാളം, പി.കെ ദിനില്‍, സമരസമിതി കണ്‍വീനര്‍ ജോസി മാത്യു തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്കി. പ്രദേശത്തെ ഗതാഗത പ്രശ്നത്തിന് യാതൊരുപരിഹാരവും ഉണ്ടാക്കാതെ നിലവില്‍ നിര്‍മാണമാരംഭിച്ച മേല്‍പ്പാലത്തിനും സമാന്തര റോഡിനുമായി നിരവധി ആളുകള്‍ കുടിയൊഴിയേണ്ടിവരുന്ന പ്രദേശങ്ങളും കുമ്മനം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: