പത്തനംതിട്ട: ഒത്തുതീര്‍പ്പു സമരങ്ങളിലൂടെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് സ്വീകരിക്കുന്നതെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം ശോഭാ സുരേന്ദ്രന്. ജയകൃഷ്ണന് മാസ്റ്റര്‍ ബലിദാനദിനത്തോടനുബന്ധിച്ച് ബിജെപി പത്തനംതിട്ട ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജനശക്തിസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ശോഭാസുരേന്ദ്രന്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവച്ച് ഒഴിയുന്നതുവരെ തുടരുമെന്ന് പ്രഖ്യാപിച്ച് ആരംഭിച്ച സെക്രട്ടറിയേറ്റ് വളയല്‍സമരം ദിവസങ്ങള്‍ക്കകം പിന്‍വലിക്കുകയായിരുന്നു. ലാവ്ലിന് അഴിമതി, ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകം തുടങ്ങിയ കേസുകളുടെ പേരില്‍ ആഭ്യന്തര വകുപ്പിന്റെ ഭീഷണി വന്നതോടെ സമരം പിന്‍വലിക്കാന്‍ പിണറായി നിര്‍ബന്ധിതനായി.
ഉമ്മന്‍ചാണ്ടിക്കെതിരേ സമരം ചെയ്യാന്‍ വി.എസ്.അച്യുതാനന്ദനോ, സിപിഐ യോ ശ്രമിച്ചാല്‍ ഇവരെ തടഞ്ഞ് ഉമ്മന്‍ചാണ്ടിക്ക് സംരക്ഷണം നല്‍കുന്നത് പിണറായി വിജയനാണ്.
അഴിമതിയുടെ കാര്യത്തില്‍ പരസ്പര സഹകരണ മുന്നണിയായി യുഡിഎഫ് മാറികഴിഞ്ഞു. മന്ത്രി കെ.എം.മാണിയുടെ ബാര്‍കോഴ വിവാദത്തില്‍ നിലപാടെടുക്കാന്‍ മുഖ്യമന്ത്രിയ്ക്ക് കഴിയാതിരുന്നത് പരസ്പ്പര സഹായനിലപാട് കാരണമാണ്.
സോളാര്‍ കേസുമായി ബന്ധപ്പെട്ട് സരിതയുടെ കൈവശമുണ്ടായിരുന്ന ചില രേഖകള്‍ കെ.എം.മാണിയുടേയും പി.സി.ജോര്‍ജ്ജിന്റേയും കൈവശമുണ്ട്. ഇത് വെളിച്ചത്താകുമെന്ന് ഭയന്നാണ് ഉമ്മന്‍ചാണ്ടി ബാര്‍കോഴ വിവാദം ഒതുക്കിത്തീര്‍ത്തത്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ പാദസേവകരായ കുറേ പോലീസുദ്യോഗസ്ഥര്‍ ഉള്ളതാണ്് ജയകൃഷ്ണന്മാസ്റ്ററടക്കമുള്ള സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കൊലചെയ്യപ്പെട്ടാലും യഥാര്‍ത്ഥ പ്രതികളെ പിടികൂടാന്‍ കഴിയാത്തത്,ശോഭാ സുരേന്ദ്രന് പറഞ്ഞു.
ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ടി.ആര്.അജിത്കുമാര്‍ അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന , ജില്ലാ ഭാരവാഹികള്‍ പങ്കെടുത്തു. യോഗത്തിന് മുന്നോടിയായി സെന്റ് പീറ്റേഴ്സ് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച പ്രകടനത്തില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: