തിരുവനന്തപുരം: ദേശീയ പാതയ്ക്കരികില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജസിന്റെ ചില്ലറ മദ്യവില്‍പ്പനശാലകള്‍ ഘട്ടം ഘട്ടമായി പൂട്ടുമെന്ന് എക്സൈസ് മന്ത്രി കെ. ബാബു. ഈ വിഷയത്തില്‍ ഹൈക്കോടതിയുടെ മാര്‍ഗനിര്‍ദേശം പാലിക്കും. സര്‍ക്കാരിന്റെ പുതുക്കിയ മദ്യനയം സംസ്ഥാനത്തിന് സാമ്പത്തിക നഷ്ടമുണ്ടാക്കിയിട്ടില്ല. എന്നാല്‍ മദ്യ ഉപഭോഗം കുറഞ്ഞെന്നും എക്സൈസ് മന്ത്രി നിയമസഭയില്‍ പറഞ്ഞു.
ധനമന്ത്രി കെ.എം. മാണിക്കെതിരായി ഉയര്‍ന്ന എല്ലാ ആരോപണങ്ങളും സര്‍ക്കാര്‍ ഒറ്റക്കെട്ടായി നേരിടുമെന്നും മന്ത്രി പറഞ്ഞു. അതേസമയം ശനിയാഴ്ചകളിലെ മദ്യവില്‍പ്പന വര്‍ധിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ഞായറാഴ്ച ഡ്രൈ ഡേ ആയതിനാല്‍ ജനം കൂടുതല്‍ മദ്യം വാങ്ങുന്നതായിരിക്കാം കാരണം. പുതിയ മദ്യം നയം ടൂറിസത്തെയും കോണ്‍ഫറന്‍സ് ടൂറിസത്തെയും ബാധിക്കുന്നതായി ആക്ഷേപമുണ്ടെങ്കിലും അടിസ്ഥാന നയത്തില്‍ മാറ്റം വരുത്തില്ലെന്നും മന്ത്രി പറഞ്ഞു.
എന്നാല്‍ മദ്യ ബ്ലാക് മെയിംലിംഗാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് സഭയില്‍ പ്രതിപക്ഷം ആരോപിച്ചു. ബാര്‍ കോഴക്കേസില്‍ നടപടി വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ ബഹളം വച്ചു. പ്ലക്കാര്‍ഡുകളും ബാനറുകളുമുയര്ത്തിയാണ് പ്രതിഷേധിച്ചത്. ധനമന്ത്രി കെ.എം. മാണി രാജിവയ്ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ബാര്‍ കോഴ ആരോപണം സഭയില്‍ ഉന്നയിക്കാനുള്ള പ്രതിപക്ഷത്തിന്റെ ശ്രമം സ്പീക്കര്‍ ജി. കാര്ത്തികേയന് തടഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: