കണ്ണൂര്‍: കൊട്ടിയൂര്‍ വനമേഖലയില്‍ മാവോയിസ്റ്റുകളെത്തിയെന്ന് ആദിവാസികള്‍. രണ്ടു സ്ത്രീകളും രണ്ടു പുരുഷന്മാരുമടങ്ങുന്ന സായുധസംഘമാണ് ഇവിടെ എത്തിയതെന്ന് ആദിവാസികള്‍ പോലീസിനോട് പറഞ്ഞു. കൊട്ടിയൂര്‍ കൂനമ്പള്ള ആദിവാസി കോളനിയില്‍ നിന്ന് കാട്ടില്‍ വിറകു വെട്ടാനെത്തിയ സ്ത്രീകളാണ് യൂണിഫോം ധരിച്ച സായുധസംഘത്തെ കണ്ടത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം. ആരൊക്കെയാണ് സംഘത്തിലുള്ളതെന്ന് തിരിച്ചറിയാനായിട്ടില്ല.
ഇവര്‍ സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും ആദിവാസി സ്ത്രീകള്‍ ഭയന്നോടുകയായിരുന്നു. റിസോര്‍ട്ടുകള്‍ക്കും ക്വാറികള്‍ക്കും നേരെ മാവോയിസ്റ്റ് ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. നവംബര്‍ 18ന് തിരുനെല്ലിയിലെ റിസോര്‍ട്ട് മാവോയിസ്റ്റുകള്‍ അടിച്ചു തകര്‍ത്തിരുന്നു. തുടര്‍ന്ന് സംസ്ഥാനത്തെ റിസോര്‍ട്ടുകളും ക്വാറികളും മാവോയിസ്റ്റുകള്‍ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തു.
മാവോയിസ്റ്റ് സാന്നിധ്യം തിരിച്ചറിഞ്ഞതോടെ കൊട്ടിയൂര്‍, പേരിയ വനമേഖലകളിലെ തണ്ടര്‍ബോള്‍ട്ടിന്റെ തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. റിസോര്‍ട്ടുകള്‍ക്കും ക്വാറികള്‍ക്കും മുന്‍കരുതല്‍ എന്ന നിലയ്ക്ക് പോലീസ് ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: