തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന് പ്രതിപക്ഷ ബഹളത്തോടെ തുടക്കം. ബാര്‍ കോഴ വിഷയവുമായി ബന്ധപ്പെട്ട് ധനമന്ത്രി കെ.എം മാണിക്കെതിരെ പ്രതിപക്ഷ എം.എല്‍.എമാര്‍ സഭയില്‍ മുദ്രാവാക്യം വിളിച്ചു. മാണി സഭയില്‍ ഹാജരാവാത്തതും പ്രതിഷേധത്തിന് ആക്കം കൂട്ടി.
ചോദ്യോത്തരവേള നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്റെ ആവശ്യം സ്പീക്കര്‍ നിഷേധിച്ചു. ചോദ്യോത്തരവേളയ്ക്ക് ശേഷം അടിയന്തരപ്രമേയത്തിന് അനുമതി നല്‍കാമെന്നായിരുന്നു റൂളിംഗ്. സ്പീക്കര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
നേരത്തെ പ്ളകാര്ഡുകളുമായാണ് പ്രതിപക്ഷ എം.എല്‍.എമാര്‍ സഭയിലെത്തിയത്. കോഴ വാങ്ങിയ മാണിയെ പുറത്താക്കുക,? മാണിക്കെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യുക,? മുഖ്യമന്ത്രിയുടെയും എക്സൈസ് മന്ത്രിയുടെയും പങ്ക് അന്വേഷിക്കുക എന്നെഴുതിയ പ്ളക്കാര്‍ഡുകളാണ് പ്രതിപക്ഷം സഭയില്‍ കൊണ്ടുവന്നത്.
കെ.എം മാണിക്കെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യണമെന്ന് സി.പി.എം നേതാവ് എ.കെ ബാലന് പറഞ്ഞു. മദ്യനയത്തില്‍ സര്‍ക്കാറും കെ.പി.സി.സിയും രണ്ട് തട്ടിലാണെന്നും എന്താണ് സര്‍ക്കാറിന്റെ മദ്യനയമെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മദ്യനയത്തില്‍ സര്‍ക്കാറിന് വരുമാന നഷ്ടം ഉണ്ടായിട്ടില്ലെന്ന് എക്സൈസ് മന്ത്രി കെ.ബാബു പറഞ്ഞു. മദ്യത്തിന്റെ ലഭ്യത കുറച്ച് നികുതി കൂട്ടിയതിനാലാണ് വരുമാനനഷ്ടം വരാത്തതെന്നും ബാബു സഭയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: