കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ ഗണ്മാന് സലിംരാജ് ഉള്‍പ്പെട്ട കളമശ്ശേരി ഭൂമിയിടപാട് കേസില്‍ പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ടി.ഒ. സൂരജിനെ സിബിഐ ചോദ്യംചെയ്തു.
ലാന്റ് റവന്യൂ കമ്മീഷണറായിരിക്കെ സൂരജ് നടത്തിയ വിവാദ ഇടപെടലുമായി ബന്ധപ്പെട്ട് സിബിഐയുടെ തിരുവനന്തപുരം യൂണിറ്റ് എസ്പി ജോസ്മോഹന്റെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യല്‍. സിബിഐ കൊച്ചി ഓഫീസില്‍ സൂരജിനെ വിളിച്ചുവരുത്തിയാണ് മണിക്കൂറുകളോളം ചോദ്യംചെയ്യല്‍ നടന്നത്.
സലിംരാജ് പ്രതിയായ കളമശ്ശേരി ഭൂമിതട്ടിപ്പ് കേസില്‍ സൂരജിന്റെ പങ്കിനെക്കുറിച്ച് ലാന്റ് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന കമലവര്‍ധനറാവു ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു. കളമശ്ശേരി ഭൂമിതട്ടിപ്പ് കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് സിബിഐയുടെ ചോദ്യംചെയ്യല്‍.
കളമശ്ശേരി തൃക്കാക്കര നോര്‍ത്ത് വില്ലേജിലെ പത്തടിപ്പാലം സ്വദേശി എന്‍.എ. ഷറീഫയുടെ 25 കോടിയോളം രൂപ വിലവരുന്ന ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ച കേസ് കോടതിയുടെ പരിഗണനയിലിരിക്കെ 2012 ലാണ് ലാന്റ് റവന്യൂ കമ്മീഷണറായിരുന്ന സൂരജ് വിവാദഭൂമിയുടെ പോക്കുവരവ് റദ്ദാക്കിക്കൊണ്ട് ഉത്തരവ് ഇറക്കിയത്. സലിംരാജിന് സൂരജ് കൂട്ടുനില്‍ക്കുകയായിരുന്നു. തണ്ടേപ്പേര് തിരുത്തി ഭൂമി തട്ടിയെടുക്കാന്‍ സലിംരാജ് ഭരണതലത്തില്‍ സ്വാധീനിച്ചിരുന്നുവെന്നും പരാതിക്കാരിയായ എന്‍.എ. ഷെറീഫയും മക്കളായ നാസറും നൗഷാദും ആരോപിച്ചിരുന്നു.
ഭൂമിയുടെ ഉടമസ്ഥത തീരുമാനിക്കേണ്ടത് സിവില്‍ കോടതിയാണെന്നിരിക്കെ ബന്ധപ്പെട്ടവരുടെ വാദംപോലും കേള്‍ക്കാതെ ഉന്നതസ്വാധീനത്തിന് വഴങ്ങി സൂരജ് ഭൂമിതട്ടിപ്പിന് കൂട്ടുനില്‍ക്കുകയായിരുന്നുവെന്ന് ആരോപണമുയര്‍ന്നു. ഈ ഉത്തരവ് പിന്നീട് ഹൈക്കോടതി ഡിവിഷന് ബെഞ്ച് റദ്ദുചെയ്യുകയുണ്ടായി. ഈ വിധിയില്‍ ലാന്റ് റവന്യൂ കമ്മീഷണര്‍ എന്ന നിലയില്‍ കോടതി സൂരജിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ലാന്റ് റവന്യൂ കമ്മീഷണറുടെ ഇടപെടലാണ് ക്രമക്കേടുകള്‍ക്ക് തുടക്കമിട്ടതെന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച് പറഞ്ഞിരുന്നു. ഗൂഢാലോചന ഉള്‍പ്പെടെ ആരോപിക്കപ്പെട്ട കേസില്‍ ആരോപണവിധേയരായ ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്ത് അന്വേഷണം നടത്തണമെന്നും ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഉത്തരവിട്ടു. എന്നാല്‍ രണ്ട് കീഴുദ്യോഗസ്ഥരെ മാത്രം സസ്പെന്റ് ചെയ്യുകയായിരുന്നു.
രണ്ട് ദിവസങ്ങളിലായി സിബിഐ കൊച്ചി ഓഫീസില്‍ നടന്ന ചോദ്യംചെയ്യലില്‍ എറണാകുളം ജില്ലാ കളക്ടറായിരുന്ന ഷേക്ക് പരീതിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് താന്‍ നടപടി കൈക്കൊണ്ടതെന്നാണ് സിബിഐയോട് പറഞ്ഞത്.സൂരജിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മുന്‍ ജില്ലാ കളക്ടര്‍ ഷേക്ക്പരീത് ഉള്‍പ്പെടെയുള്ള റവന്യൂ ഉദ്യോഗസ്ഥരെ സിബിഐ ചോദ്യംചെയ്തേക്കും.
കളമശ്ശേരിയിലെ ഭൂമി സലിംരാജിന്റെ ബന്ധുക്കള്‍ക്ക് കൈമാറാന്‍ ഉദ്യോഗസ്ഥതലത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന കാര്യമാണ് സിബിഐ അന്വേഷിക്കുന്നത്. സിബിഐ ഡിവൈഎസ്പിമാരായ ജോര്‍ജ് ജെയിംസ്, ഡിക്രൂസ് എന്നിവരും സിബിഐ സംഘത്തില്‍ സൂരജിനെ ചോദ്യംചെയ്യാന്‍ ഉണ്ടായിരുന്നു.
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിസ്ഥാനത്തുനിന്നും സൂരജിനെ സസ്പെന്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: