ഫറോക്ക്: ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന കലോത്സവത്തിന്റെ പ്രചരണാര്‍ത്ഥം നടത്തിയ വിളംബര യാത്ര വിസ്മയമായി. യുവമജീഷ്യനും രാമനാട്ടുകര നിവേദിത വിദ്യാപീഠത്തിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയുമായ ബ്രഹ്മാനന്ദന് രണ്ട് കണ്ണുകളും കെട്ടി ബൈക്ക് ഓടിച്ചാണ് യാത്ര നയിച്ചത്. ഫറോക്ക് ബസ്സ്റ്റാന്റ് പരിസരത്തുനിന്നും ആരംഭിച്ച യാത്ര ഒരുമണിക്കൂര്‍ സമയം എടുത്താണ് ആറു കിലോമീറ്റര്‍ സഞ്ചരിച്ച് രാമനാട്ടുകര നിവേദിത വിദ്യാപീഠത്തില്‍ എത്തിച്ചേര്‍ന്നത്.
രണ്ടു കണ്ണുകള്‍ക്കും മുന്നിലായി അലൂമിനിയം ഷീറ്റുകൊണ്ട് മറച്ച് കറുത്ത തുണികൊണ്ട് കെട്ടിയശേഷം കറുത്ത കവര്‍കൊണ്ട് തലമൂടിയാണ് ബ്രഹ്മാനന്ദന് ബൈക്ക് ഓടിച്ചത്. ആയിരത്തോളം പേര് ഇരുചക്രവാഹനങ്ങളില്‍ ബ്രഹ്മാനന്ദനെ അനുഗമിച്ചു. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഓടിയും സൈക്കിള്‍ ഓടിച്ചും യാത്രയോടൊപ്പം ചേര്‍ന്നു. യാത്ര കാണുന്നതിനായി റോഡിനിരുവശവും സ്കൂള്‍ വിദ്യാര്‍ത്ഥികളും നാട്ടുകാരും തടിച്ച് കൂടിയിരുന്നു. ഫറോക്ക് ബസ്സ്റ്റാന്റ് ചുറ്റി ചന്തക്കടവ്, പേട്ട, ചുങ്കം വഴി രാമനാട്ടുകര അങ്ങാടിയിലൂടെ ബൈപ്പാസ് ജംഗ്ഷനില്‍ എത്തി നിസരി ജംഗ്ഷന് വലംവെച്ചശേഷം തോട്ടുങ്ങലിലൂടെ യാത്ര നിവേദിത സ്കൂളില്‍ പ്രവേശിച്ചു.
ഫറോക്ക് ബസ്സ്റ്റാന്റ് പരിസരത്ത് നടന്ന ചടങ്ങില്‍ മാതൃഭൂമി മാനേജിംഗ് എഡിറ്റര്‍ പി.വി ചന്ദ്രനാണ് ബ്രഹ്മാനന്ദന്റെ കണ്ണുകള്‍ കെട്ടിയ ശേഷം യാത്ര ഫഌഗ് ഓഫ് ചെയ്തത്. ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ.കെ ശ്രീധരന് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. മലയാളി മജീഷ്യന്‍സ് അസോസിയേഷന് സംസ്ഥാന സെക്രട്ടറി നൗഷാദ്, നമ്പയില്‍ ദാസന്, അനില്‍ മാരാത്ത്, യു. ഫല്ഗുനന് എന്നിവര്‍ ആശംസ നേര്‍ന്നു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ സി.കെ വേലായുധന് മാസ്റ്റര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി. ജിജേഷ് നന്ദിയും പറഞ്ഞു. സ്വാഗതസംഘം ജോയിന്റ് ജനറല്‍ കണ്‍വീനര്‍ എം.വി ഗോകുല്‍ദാസ്, സ്കൂള്‍ സമിതി അംഗങ്ങളായ എ.സി അശോകന്, ദേവദാസ്, ജയരാജന്, ഒ. അപ്പുക്കുട്ടന്. ബൈജു കൊല്ലേരി തുടങ്ങിയവര്‍ നേതൃത്വം നല്കി.
യാത്ര സ്കൂളില്‍ എത്തിയപ്പോള്‍ മാതൃസമിതി, ക്ഷേമസമിതി എന്നിവയുടെ നേതൃത്വത്തില്‍ സ്കൂളിലേക്ക് ആനയിച്ചു. മാതൃസമിതി പ്രസിഡന്റ് ശ്രീജ, ബ്രഹ്മാനന്ദനെ മാലയിട്ട് സ്വീകരിച്ചു. ക്ഷേമസമിതി പ്രസിഡന്റ് പി. വിശ്വനാഥന് ബ്രഹ്മാനന്ദന് ഉപഹാരം സമ്മാനിച്ചു. ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന അക്കാദമിക് പ്രമുഖ് പി.പി കുട്ടികൃഷ്ണന് മാസ്റ്റര്‍, സംസ്ഥാന കലോത്സവപ്രമുഖ് സാബു, വിദ്യാനികേതന്‍ കോഴിക്കോട് മേഖലാ സംയോജക് വിജയന്, ജില്ലാ സംയോജക് ഗംഗാധരന്, ജില്ലാ കലോത്സവ പ്രമുഖ് കെ. മുകുന്ദന് തുടങ്ങിയവരും സ്വീകരണച്ചടങ്ങില്‍ പങ്കെടുത്തു. മജീഷ്യന്‍ നന്ദന് കടലുണ്ടിയുടെയും ഷീജാ മണിയുടെയും മകനാണ് ബ്രഹ്മാനന്ദന്. അച്ഛനോടൊപ്പം മാജിക്ക് അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട് ബ്രഹ്മാനന്ദന്. 2015 ജനുവരി 9 മുതല്‍ 11 വരെ രാമനാട്ടുകര നിവേദിത വിദ്യാപീഠത്തില്വെച്ചാണ് സംസ്ഥാനസ്കൂള്‍ കലോത്സവം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: