ബത്തേരി(വയനാട്): കേരള കാര്‍ഷിക സര്‍വകലാശാലയുടെ അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണകേന്ദ്രത്തില്‍ സന്ദര്‍ശകര്‍ക്ക് വിരുന്നാകാന്‍ മൂണ്‍ ഗാര്ഡന്. ജനുവരി 20 മുതല്‍ ഫെബ്രുവരി രണ്ടു വരെ ഗവേഷണകേന്ദ്രത്തില്‍ നടത്തുന്ന ദേശീയ കാര്‍ഷികോത്സവത്തിനും, പുഷ്പ-ഫല മേളയ്ക്കും മാറ്റുകൂട്ടൂന്ന വിധത്തിലാണ് മൂണ്ഗാര്ഡന് സജ്ജമാകുന്നത്. രണ്ടര ഏക്കര്‍ വിസ്തൃതിയുള്ള ഗാര്‍ഡനില്‍ വെള്ളപ്പൂക്കളും ഇലകളുമുള്ള സസ്യങ്ങള്‍ക്ക് മാത്രമാണ് ഇടം. ജനുവരി ആദ്യവാരത്തോടെ പുഷ്പിക്കാന്‍ പാകത്തില്‍ 500ല്‍ പരം ഇനം ചെടികളാണ് മൂണ്ഗാര്ഡനില് നട്ടിരിക്കുന്നതെന്ന് ആര്‍എആര്‍എസ് അസോസിയേറ്റ് ഡയറക്ടര്‍ ഡോ.പി.രാജേന്ദ്രന് പറഞ്ഞു.
കാര്‍ഷിക സര്‍വകലാശാല സംഘടിപ്പിക്കുന്ന ദേശീയ കാര്‍ഷികോത്സവം ആദ്യമായാണ് വയനാട്ടില്‍ നടക്കുന്നത്. ഗവേഷണ കേന്ദ്രത്തില്‍ കഴിഞ്ഞവര്‍ഷം നടന്ന പുഷ്പ-ഫലമേള വിജയമായതാണ് ഇക്കുറി ദേശീയ കാര്‍ഷികമേളയ്ക്ക് അമ്പലവയലില്‍ വേദിയൊരുക്കാന്‍ പ്രചോദനമായത്. കഴിഞ്ഞ വര്‍ഷത്തെ പുഷ്പ-ഫലമേള ആസ്വദിക്കാന്‍ കുട്ടികളടക്കം രണ്ടര ലക്ഷം ആളുകളാണ് എത്തിയത്. 21 ദിവസം നീണ്ട പൂപ്പൊലി-2014ന് 27.53 ലക്ഷം രൂപയായിരുന്നു ചെലവ്.
വരവ് 41.21 ലക്ഷം രൂപയും. ഇത്തവണ പൂപ്പൊലിക്ക് പകിട്ടേകാന്‍ ഒന്നര ഏക്കര്‍ വിസ്തൃതിയില്‍ 1500ല്‍ പരം ഇനം റോസ് ചെടികളുടെ ഉദ്യാനവും തയാറായിവരികയാണ്. നേരത്തേ 600 ഇനം റോസ് ചെടികളാണ് ഗവേഷണകേന്ദ്രത്തില്‍ ഉണ്ടായിരുന്നത്. ഈ വര്‍ഷം 750ല്‍പരം ഇനങ്ങള്‍ കൂടി ഉള്‍പ്പെടുത്തി റോസ് ഗാര്ഡന് വിപുലീകരിച്ചു. ദേശീയ കാര്‍ഷികോത്സവത്തില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രികള്‍ച്ചര്‍ റിസര്‍ച്ച്, ദേശീയ ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്, കാര്‍ഷിക സര്‍വകലാശാലയുടെ കുമരകം, കായംകുളം, പട്ടാമ്പി, പീലിക്കോട് ഗവേഷണ കേന്ദ്രങ്ങള്‍, സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലേയും കൃഷി വിജ്ഞാനകേന്ദ്രങ്ങള്‍ തുടങ്ങിയവയുടെ പങ്കാളിത്തം ഉണ്ടാകുമെന്ന് ഡോ.രാജേന്ദ്രന് പറഞ്ഞു. മേളയുടെ ഭാഗമായുള്ള കാര്‍ഷിക സെമിനാറുകള്‍ ആകാശവാണിയാണ് സ്പോണ്സര് ചെയ്യുന്നത്. മേളയിലെ വിവിധ പരിപാടികള്‍ ആള് ഇന്ത്യാ റേഡിയോ പ്രക്ഷേപണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: