കണ്ണൂര്‍: നമ്മൂടെ സംസ്ക്കാരത്തിന്റെ ഭാഗമായ പാരമ്പര്യ-സാംസ്ക്കാരിക ബിംബങ്ങള്‍ എന്തുവില കൊടുത്തും നിലനിര്‍ത്തുമെന്ന് തപസ്യ കലാ സാംസ്ക്കാരികവേദി സംസ്ഥാന അധ്യക്ഷന്‍ എസ്.രമേശന് നായര്‍ പറഞ്ഞു. കണ്ണൂരില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയാള കഥാസാഹിത്യ രംഗത്തെ കുലപതിയായ ടി.പത്മനാഭനെ തപസ്യ കലാസാഹിത്യ വേദി ജില്ലാ സമിതിയുടെ നേതൃത്വത്തില്‍ ആദരിക്കും. കഥാപത്മനാഭം എന്ന പേരില്‍ ജനുവരി 28 ന് കണ്ണൂരില്‍ നടക്കുന്ന ഏകദിന പരിപാടിയില്‍ കഥാപാരായണം, സെമിനാറുകള്‍, ടി.പത്മനാഭനെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദര്‍ശനം, പൊതുസമ്മേളനം, ആദരണം, സംസ്ഥാനാടിസ്ഥാനത്തില്‍ കലാലയ-സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന കഥാമത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനദാനം എന്നിവ ഉണ്ടാകും.
പ്രശസ്ത സാഹിത്യ-സാംസ്കാരിക നായകന്മാര് പരിപാടിയില്‍ സംബന്ധിക്കും. തപസ്യ കലാസാഹിത്യവേദി പയ്യന്നൂര്‍ ശാഖയുടെ ആഭിമുഖ്യത്തില്‍ വരിഷ്ഠ കവി പ്രൊഫ.മേലത്ത് ചന്ദ്രശേഖരനെയും ആദരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2015 മാര്‍ച്ച് 1 ന് പയ്യന്നൂരില്‍ നടക്കുന്ന സമ്മേളനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ സമഗ്രമായ സാഹിത്യ സംഭാവനകള്‍ വിലയിരുത്തുന്ന സെമിനാറുകള്‍, കവിയരങ്ങ്, പുസ്തക പ്രകാശനം, പൊതുസമ്മേളനം, കവിതാ മത്സരങ്ങള്‍ എന്നീ പരിപാടികള്‍ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
പത്രസമ്മേളനത്തില്‍ ഭാര്യ രമേശന് നായരുടെ ഭാര്യ രമ, മേഖലാ സെക്രട്ടറി ഇ.എം.ഹരി, സംഘടനാ സെക്രട്ടറി പി.ഉണ്ണികൃഷ്ണന്, ജില്ലാ സെക്രട്ടറി രാമകൃഷ്ണന് വെങ്ങര എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: