തിരുവനന്തപുരം: കേരള സര്‍വകലാശാല പ്രൊ. വൈസ് ചാന്‍സലര്‍ ഡോ. എന്‍. വീരമണികണ്ഠന്റെ വീടും സര്‍വകലാശാല ആസ്ഥാനവും ആക്രമിച്ച സംഭവങ്ങളില്‍ സെനറ്റ് അംഗവും കെപിസിസി സെക്രട്ടറിയുമായ ജ്യോതികുമാര്‍ ചാമക്കാലക്കെതിരെ നടപടി സ്വീകരിക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശിച്ചു. രണ്ട് ആക്രമണ സംഭവങ്ങളിലും കോണ്‍ഗ്രസ് നേതാവുകൂടിയായ ജ്യോതികുമാറിനുള്ള പങ്ക് വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങളടക്കം ഉള്‍പ്പെടുത്തി വൈസ് ചാന്‍സലര്‍ ഡോ. പി.കെ. രാധാകൃഷ്ണന് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ചശേഷമാണ് ഗവര്‍ണര്‍ പി. സദാശിവം നടപടിക്ക് അനുമതി നല്‍കിയത്.
ഒക്ടോബര്‍ 17, 18 തീയതികളില്‍ നടന്ന ഇരു അക്രമക്കേസുകളിലെയും പരാതികള്‍ അന്വേഷണത്തിനോ അറസ്റ്റിനോ തയ്യാറാകാതെ പോലീസ് മുക്കിയിരുന്നു. വീടാക്രമണത്തിനെതിരെ പ്രൊ. വിസി വീരമണിക്ണ്ഠന് കണ്‍ന്റോണ്‍മെന്റ് അസി. കമ്മിഷണര്‍ റെജി ജേക്കബിന് തെളിവുകള്‍ സഹിതം പരാതി നല്‍കിയിട്ടും അന്വേഷണം ഉണ്ടായില്ല. തുടര്‍ന്ന് സിറ്റി പോലീസ് കമ്മിഷണര്‍ക്കും ഡിജിപിക്കും പരാതി നല്കി. എന്നാല്‍ ജോതികുമാര്‍ ചാമക്കാല ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ അടുപ്പക്കാരാനായതിനാലാണ് പോലീസ് അറസ്റ്റിന് തയ്യാറാകാതിരുന്നത്.
അക്രമസംഭവങ്ങള്‍ അറിഞ്ഞ ഉടന്‍ ഗവര്‍ണര്‍ വൈസ് ചാന്സലറോഡ് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് തെളിവുകള്‍ അടക്കം ശേഖരിച്ച് വിശദറിപ്പോര്‍ട്ട് ഗവര്‍ണര്‍ക്ക് വിസി സമര്‍പ്പിച്ചത്. വിസിയെയും പ്രൊ. വിസിയെയും ജാതിപ്പേരു വിളിച്ചും വധഭീഷണിപ്പെടുത്തുന്നുവെന്നും നിരവധി പരാതികളുണ്ടായിരുന്നു. ജ്യോതികുമാറിന്റെ തട്ടിപ്പുകളെക്കുറിച്ച് വീരമണി കണ്ഠന് നിരവധി തവണ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അന്നുമുതല്‍ തുടങ്ങിയ വധഭീഷണിയാണ് ഒടുവില്‍ രാത്രി വീടാക്രമണത്തില്‍ എത്തിയത്.
സര്‍വ്വകലാശാല പ്രധാനകവാടം തകര്‍ത്തശേഷം അകത്തുകടന്ന് ജ്യോതികുമാറിന്റെ നേതൃത്വത്തിലാണ് അക്രമം നടത്തിയതെന്നും വിസി സമര്‍പ്പിച്ച വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. തുടര്‍ന്നാണ് നടപടിക്ക് ഗവര്‍ണര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: