തിരുവനന്തപുരം: പക്ഷിപ്പനി ബാധിച്ച് ചത്ത താറാവുകള്‍ക്കും നഷ്ടപരിഹാരം നല്കാന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പക്ഷിപ്പനി അവലോകന യോഗം തീരുമാനിച്ചു. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലായി രോഗം ബാധിച്ച് ചത്ത താറാവുകള്‍ക്കാണ് നേരത്തെ പ്രഖ്യാപിച്ച പ്രകാരമുള്ള തുക നല്‍കുക. ചെറിയ താറാവുകള്‍ക്ക് 100 രൂപയും വലിയ താറാവുകള്‍ക്ക് 200 രൂപയും ഹാച്ചറിയില്‍ വെച്ചിരിക്കുന്ന മുട്ടക്കും താറാവ് കുഞ്ഞുങ്ങള്‍ക്കും അഞ്ചുരൂപ വെച്ചും നല്‍കും.
ചത്ത താറാവുകള്‍ക്ക് കൂടി നഷ്ടപരിഹാരം നല്കാന് തീരുമാനിച്ചതോടെ പക്ഷിപ്പനി ദുരിതം ബാധിച്ച പഞ്ചായത്തുകള്‍ക്ക് തനത് ഫണ്ടില്‍ നിന്ന് ചെലവഴിക്കുന്ന തുകയുടെ തോത് ഒരു ലക്ഷമാക്കി ഉയര്‍ത്തി. കൂടാതെ ജില്ലാ പഞ്ചായത്തുകള്‍ക്കും ഒരു ലക്ഷം വകമാറ്റി ചെലവിടാനും അനുമതി നല്കി. പക്ഷിപ്പനി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമായി പ്രവര്‍ത്തിക്കുന്ന ആശാവര്‍ക്കര്‍മാര്‍ക്ക് 500 രൂപ സ്പെഷ്യല്‍ അലവന്‍സ് നല്‍കും.
പക്ഷിപ്പനി ബാധിച്ച 1,82,469 താറാവുകളെയാണ് മൂന്ന് ജില്ലകളിലുമായി ഇതുവരെ കൊന്നത്. 84.29 ലക്ഷത്തോളം രൂപ നഷ്ടപരിഹാരമായി കര്‍ഷകര്‍ക്ക് നല്കി. രോഗബാധിത പ്രദേശങ്ങളില്‍ 2.5 ലക്ഷം താറാവുകളാണ് ഉണ്ടായിരുന്നത്. അവശേഷിക്കുന്നവയെ ഇന്ന് കൊല്ലും. കിണറുകളിലും മറ്റ് ജലസ്രോതസുകളിലും ക്ളോറിനേഷന്‍ തുടങ്ങിയ പ്രവൃത്തികളും ശുചീകരണ പ്രവര്‍ത്തനങ്ങളും നടത്തുമെന്നും മന്ത്രി അറിയിച്ചു.
പക്ഷിപ്പനി ബാധിത പ്രദേശങ്ങളില്‍ ആരോഗ്യവകുപ്പിന്റെ മേല്‍നോട്ടത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആരോഗ്യസെക്രട്ടറി തലത്തില്‍ ആക്ഷന്‍ പഌന്‍ തയാറാക്കി പ്രവര്‍ത്തനം നടത്തുമെന്ന് മന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. വെള്ളത്തിലൂടെ രോഗം പടരാനുള്ള സാധ്യതമനസിലാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയത്തില്‍ നിന്ന് വന്ന സംഘത്തോടൊപ്പം പ്രതിരോധമാര്‍ഗങ്ങള്‍ നടത്തും. ഇതുവരെ 88,128 വീടുകളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ സന്ദര്‍ശനം നടത്തി. 3,31,141പേരെ പരിശോധിച്ചു. ഒരാള്‍ക്കും പക്ഷിപ്പനി ലക്ഷണം കണ്ടത്തെിയിട്ടില്ല.
പക്ഷിപ്പനിയടക്കം വൈറല്‍ രോഗങ്ങളെ കുറിച്ച് പഠിക്കാനും പരിശോധനകള്‍ നടത്താനും ഭോപ്പാലിലെ പോലെ പാലോട് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന മൃഗസംരക്ഷണ വകുപ്പിന്റെ ലാബിനെ ബയോസെക്യൂരിറ്റി ലെവല്‍ ത്രീ പഌസ് ലാബ് ആക്കി ഉയര്‍ത്താന്‍ കേന്ദ്രത്തോട് ആവശ്യപ്പെടും. ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിനെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജി ഏറ്റെടുക്കാനും തീരുമാനിച്ചു. കൂടാതെ ആലപ്പുഴയില്‍ ‘ഡക്ക്’ റിസര്‍ച്ച് ലാബ് എന്ന പേരില്‍ താറാവ് പഠനകേന്ദ്രം ആരംഭിക്കണമെന്ന നിര്‍ദ്ദേശവും കെ.സി. വേണുഗോപാല്‍ എം.പി കേന്ദ്രത്തിന് മുന്നില്‍ വെച്ചിട്ടുണ്ടെന്നും മന്ത്രിമാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: