തിരൂര്‍(മലപ്പുറം): സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തിന് കൊടിയിറങ്ങി. ശാസ്ത്രലോകത്തിന് നൂതനആശയങ്ങളുടെ വാതയാനം തുറന്നിട്ടാണ് തുഞ്ചന്റെ മണ്ണില്‍ നിന്നും ശാസ്ത്രപ്രതിഭകള്‍ യാത്രയായത്. കൈരളിയ്ക്ക് മാത്രമല്ല ഭാരതത്തിനും ഒട്ടനവധി സംഭാവനകള്‍ നല്കാന് കെല്‍പ്പുള്ളവരാണ് തങ്ങളെന്ന് അവര്‍ തെളിയിച്ചു. 1112 പോയിന്റോടെ കോഴിക്കോട് ജില്ല ഓവറോള്‍ കിരീടം ചൂടി.
ശാസ്ത്രോത്സവത്തിന്റെ സമാപനസമ്മേളനം മന്ത്രി എ.പി.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രായത്തില്‍ കവിഞ്ഞ ചിന്തകളുടെ സാക്ഷാല്‍ക്കാരമാണ് ശാസ്ത്രോത്സവത്തില്‍ വിദ്യാര്‍ത്ഥികള്‍ കഴ്ചവെച്ചതെന്നും ഇവര്‍ ഭാവി ഭാരതത്തിന്റെ മുതല്കൂട്ടാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഇ.ടി.മുഹമ്മദ് ബഷീര്‍ എംപി അദ്ധ്യക്ഷത വഹിച്ചു. ചമ്പ്യന്മാരായ കോഴിക്കോട് ജില്ലക്ക് 125 പവന് സ്വര്‍ണ്ണകപ്പിന്റെ മാതൃക ഇ.അഹമ്മദ് എംപി സമ്മാനിച്ചു.
ശാസ്ത്രോത്സവത്തിന്റെ ഭാഗമായി പുറത്തിറക്കിയ സുവനീര്‍ മലയാളം സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ കെ.ജയകുമാര്‍ വിഎച്ച്എസ്ഇ ഡയറക്ടര്‍ സി.കെ.മോഹനന് നല്കി പ്രകാശനം ചെയ്തു. മേളയില്‍ സ്വാദിഷ്ടമായ വിഭവങ്ങളൊരുക്കിയ പഴയിടം മോഹനന് നമ്പൂതിരിയെ ചടങ്ങില്‍ ആദരിച്ചു. റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എസ്.സത്യന്, പബ്ലിസിറ്റി കമ്മറ്റി കണ്‍വീനര്‍ വി.ഉണ്ണികൃഷ്ണന് മാസ്റ്റര്‍, വിഎച്ച്എസ്ഇ അസി.ഡയറക്ടര്‍ പി.മുഹമ്മദ്കുട്ടി, മലപ്പുറം ഡിഡിഇ ജയന്തി, തിരൂര്‍ ഡിഇഒ കെ.കമലം, കെ.എന്‍.സതീഷ്, സലീം കരുവമ്പലം, പി.സെയ്തലവി, എന്നിവര്‍ സംസാരിച്ചു.
കോഴിക്കോട് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയപ്പോള്‍ 1067 പോയന്റ് നേടിയ കണ്ണൂര്‍ ജില്ല രണ്ടാംസ്ഥാനം കരസ്ഥമാക്കി. 1038 പോയന്റ് നേടിയ തൃശ്ശൂരിനാണ് മൂന്നാം സ്ഥാനം. ആതിഥേയരായ മലപ്പുറം ജില്ലാ 1035 പോയന്റോടെ നാലാം സ്ഥാനവും നേടി. ശാസ്ത്രമേളയില്‍ 168 പോയന്റുമായി കണ്ണൂര്‍ ജില്ല കിരീടം ചൂടി. 163 പോയന്റുമായി മലപ്പുറവും, 160 പോയിന്റുമായി കോഴിക്കോടും തൊട്ടുപിന്നാലെയെത്തി. ഗണിതശാസ്ത്രമേളയില് 308 പോയന്റുമായി കോഴിക്കോട് ഒന്നാമതെത്തി. 307 പോയന്റു നേടി കണ്ണൂര്‍ രണ്ടാംസ്ഥാനത്തും 293 പോയന്റുമായി മലപ്പുറം മൂന്നാംസ്ഥാനവും നേടി.
ഐടി മേളയില്‍ 100 പോയന്റുമായി മലപ്പുറം ഒന്നാംസ്ഥാനം നേടി. 91 പോയന്റുമായി കോഴിക്കോട് രണ്ടാം സ്ഥാനവും, 87 പോയന്റുമായി പാലക്കാട് മൂന്നാംസ്ഥാനവും നേടി. പ്രവൃത്തിപരിചയമേളയില്‍ കോഴിക്കോട് 49376 പോയന്റുമായി ഒന്നാമതെത്തി. 47600 പോയിന്റുമായി പാലക്കാട് രണ്ടാംസ്ഥാനവും, 47030 പോയിന്റുമായി തൃശ്ശൂര്‍ മൂന്നാംസ്ഥാനവും നേടി.
സാമൂഹ്യശാസ്ത്രമേളയില് 156 പോയന്റുമായി തൃശ്ശൂര്‍ ഒന്നാംസ്ഥാനവും 144 പോയിന്റുമായി കണ്ണൂര്‍ രണ്ടാംസ്ഥാനവും 143 പോയിന്റുമായി കോഴിക്കോട് മൂന്നാംസ്ഥാനവും കരസ്ഥമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: