തിരുവനന്തപുരം: ടി.ഒ.സൂരജ് കണ്‍സ്ട്രക്ഷന്‍ കോര്പ്പറേഷന് ചെയര്‍മാനായിരിക്കെ നടത്തിയ കരാറുകളെക്കുറിച്ച് കേന്ദ്ര ഏജന്‍സി അന്വേഷിക്കുന്നു. മത്സരസ്വഭാവമുള്ള കരാറുകളില്‍ നടക്കുന്ന ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കുന്ന കേന്ദ്ര കോംപറ്റീഷന്‍ കമ്മിഷന് ഓഫ് ഇന്ത്യയാണ് സൂരജിന്റെ കാലത്ത് കണ്‍സ്ട്രക്ഷന്‍ കോര്പ്പറേഷന് കരാറേറ്റെടുത്ത 1000കോടിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് അന്വേഷിക്കുന്നത്. ഈ കരാറുകളില്‍ വ്യാപകഅഴിമതിയുണ്ടെന്നും കണ്‍സ്ട്രക്ഷന്‍ കോര്പ്പറേഷന് ഏറ്റെടുത്ത കരാറുകള്‍ അഞ്ച് ശതമാനം കമ്മിഷന് വാങ്ങി സ്വകാര്യകമ്പനികള്‍ക്ക് മറിച്ചുനല്‍കിയെന്നും പരാതിയുയര്‍ന്നതിനെ തുടര്‍ന്നാണ് അന്വേഷണം.
ഒരു നിര്‍മ്മാണ പ്രവര്‍ത്തിക്ക് കരാര്‍ നല്കുമ്പോള് കണ്‍സ്ട്രക്ഷന്‍ കോര്പ്പറേഷന് 10 ശതമാനംവരെ അധികനിരക്കില്‍ ടെണ്ടര്‍ നല്‍കാമെന്ന ‘പ്രൈസ് പ്രിഫറന്‍സ്’ വ്യവസ്ഥ മറയാക്കിയാണ് സൂരജ് അഴിമതി നടത്തിയതെന്നാണ് ആക്ഷേപം. ബിനാമി കമ്പനികള്‍ക്കൊപ്പം കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനും പ്രവര്‍ത്തികള്‍ക്ക് ടെണ്ടര്‍ നല്‍കും. ബിനാമി കമ്പനികള്‍ ക്വാട്ട് ചെയ്തതുകയേക്കാള് 10ശതമാനം അധികതുകയ്ക്ക് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനും ടെണ്ടര്‍ നല്‍കും. സ്വഭാവികമായും 10 ശതമാനത്തില്‍ അധികമല്ലാത്ത തുക കണ്‍സ്ട്രക്ഷന്‍ കോര്പ്പറേഷന് ക്വാട്ട് ചെയ്താല്‍ കണ്‍സ്ട്രക്ഷന്‍ കോര്പ്പറേഷന് കരാര്‍ നല്‍കണമെന്നാണ് വ്യവസ്ഥ. ഈ വ്യവസ്ഥയുപയോഗിച്ച് നേടിയ കരാറുകള്‍ 5 ശതമാനം കമ്മിഷന് വാങ്ങി സ്വകാര്യകമ്പനികള്‍ക്ക് നല്‍കുകയായിരുന്നുവെന്ന് വിജിലന്‍സും കണ്ടെത്തിയിട്ടുണ്ട്.
സൂരജ് ചെയര്‍മാനായിരിക്കെ കരാറുകള്‍ നേടിയ കെ.ജെ. ജോസഫ് ആന്റ് ബ്രദേഴ്സ് എറണാകുളം ആസ്ഥാനമായുള്ള ബോബി കരിങ്കുറ്റിയുടെ പേരിലുള്ള കമ്പനി കാസര്‍ഗോഡ് മൊയ്തുദ്ദീന്കുട്ടി ഹാജിയുടെ പേരിലുള്ള കമ്പനി, ഗ്രീന്‍വര്‍ത്ത്, ബെഹുര, ബെഹൂറേ തുടങ്ങിയ കമ്പനികളുമായ കരാറുകള്‍ കേന്ദ്രഏജന്‍സിയും വിജിലന്‍സും അന്വേഷിക്കുന്നുണ്ട്.
ജുഡീഷ്യല്‍ അധികാരമുള്ള കേന്ദ്ര കോംപറ്റീഷന്‍ കമ്മിഷന് ഓഫ് ഇന്ത്യ കോംപറ്റീഷന്‍ ആക്ട് 2002 നെ ആധാരമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്.
2007ല്‍ കമ്മിഷന് അധികാരം വിപുലമാക്കി ആക്ടില്‍ ഭേദഗതി വരുത്തിയിരുന്നു. മത്സരസ്വഭാവമുള്ള കരാറുകളില്‍ നടക്കുന്ന ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ അധികാരമുള്ള കമ്മിറ്റിക്ക് കരാറുകളില്‍ ഇടപെടാനും ഭീമമായ പിഴ ചുമത്താനും കരാറുകളിലെ ക്രമക്കേടുമൂലം നഷ്ടം വന്നവര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കാനും അധികാരമുണ്ട്. ഇതിനിടെ കണ്‍സ്ട്രക്ഷന്‍ കോര്പ്പറേഷന് 10ശതമാനം പ്രൈസ് പ്രിഫറന്‍സ് നല്‍കിയിരുന്നത് അവസാനിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. ഈ വ്യവസ്ഥ ഉപയോഗിച്ച് കോടികളുടെ അഴിമതിനടന്നുവെന്ന വ്യക്തമായ സാഹചര്യത്തിലാണ് കണ്‍സ്ട്രക്ഷന്‍ കോര്പ്പറേഷന് ഇനി പ്രത്യേക ഇളവുകളൊന്നും നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനമെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: