തിരുവനന്തപുരം: പതിമൂന്നാം കേരള നിയമസഭയുടെ 12-ാം സമ്മേളനം ഇന്ന് തുടങ്ങും. നിയമനിര്‍മ്മാണം ലക്ഷ്യമിട്ടാണ് സഭ ചേരുന്നതെങ്കിലും ജനദ്രോഹകരമായ നികുതി വര്‍ധനവ്, ബാര്‍കോഴ, കരിമണല്‍ ഖനനം, സോളാര്‍ കേസ് തുടങ്ങി സര് ക്കാരിനെതിരെ രണ്ടും കല്‍പ്പിച്ച് പ്രതിപക്ഷം രംഗത്തിറങ്ങുന്നതോടെ സഭ പ്രക്ഷുബ്ദമാകും. പക്ഷിപ്പനി, വിലക്കയറ്റം, നികു തി വര്‍ധനവ് തുടങ്ങി ജനകീയ വിഷയങ്ങള്‍ ഏറെയുണ്ടെങ്കിലും അവയൊന്നും ചര്ച്ചയാവില്ലെന്നുറപ്പാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെയും മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെയുള്ള അഴിമതി ആരോപണങ്ങളായിരിക്കും സര്‍ക്കാരിനെതിരെ ആയുധമാക്കപ്പെടുക.
സിപിഎമ്മിന്റെ അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയവും, സിപിഐയുടെ പേയ്മെന്റ്സീറ്റ് വിവാദവും സിപിഐ- സിപിഎം തര്‍ക്കവും, കൃഷ്ണപിള്ള സ്മാരകം സിപിഎമ്മുകാര്‍തന്നെ തകര്‍ത്തതുമെല്ലാം ഉയര്‍ത്തിക്കാട്ടി ഭരണപക്ഷം പ്രതിരോധം തീര്‍ക്കും. ഇതോടെ ചൂടേറിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കായിരിക്കും സഭ സാക്ഷ്യമാകുക. സിപിഎം സിപിഐ തര്‍ക്കം സഭയിലും പ്രകടമാകും. തല്ക്കാലിക വെടിനിര്‍ത്തലിലാണെങ്കിലും സിപിഐ ഇല്ലായിരുന്നെങ്കില്‍ മാണിയെ ഇടതുപക്ഷത്തേക്ക് കൊണ്ടുവന്നേനെയെന്ന പന്ന്യന്റെ പ്രസ്താവനയും മാണി രാജി വയ്ക്കാതെ സഭ നടത്താനനുവദിക്കില്ലെന്ന സി. ദിവാകരന്റെ പ്രതികരണവും സഭയില്‍ കൂടുതല്‍ സംഘര്‍ഷം സൃഷ്ടിക്കും. മാണിക്കെതിരെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും രംഗത്ത് വരുന്നതോടെ രംഗം കൊഴുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: