കോട്ടയം: ലിബിയയിലെ ബങ്കാസി മേഖലയില്‍ അകപ്പെട്ടുപോയ മലയാളി നഴ്സുമാരെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മലയാളികളായ നൂറിലേറെ നഴ്സുമാരടക്കം ആയിരത്തോളം പേര് സ്വദേശങ്ങളിലെത്താന് കഴിയാതെ വലയുകയാണ്.
ജോലിയുടെ കരാര്‍ കാലാവധി കഴിഞ്ഞതോടെ ഭക്ഷണംപോലും ലഭിക്കാതെ അഭയാര്ത്ഥികളെപ്പോലെകഴിയുന്നു. ആഭ്യന്തര കലാപം മൂലം ഒളിച്ചുകഴിയേണ്ട സ്ഥിതിയാണ്. ഇവരില്‍ മിക്കവര്‍ക്കും മാസങ്ങളായി ശമ്പളമോ മറ്റ് ആനുകൂല്യമോ ലഭിച്ചിട്ടില്ല.
സര്‍ട്ടിഫിക്കറ്റുകളും വസ്ത്രങ്ങളും താമസസ്ഥലത്തുനിന്നും എടുക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണിപ്പോള്‍. ഇവരെ നാട്ടിലെത്തിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ടെന്നും മാതാപിതാക്കളും ബന്ധുക്കളും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: