ആലപ്പുഴ: ആലപ്പുഴ കുട്ടനാടിനു പുറമെ ചെന്നിത്തലയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു. രോഗബാധയെ തുടര്‍ന്ന് താറാവുകളെ കൊന്ന് സംസ്കരിക്കുന്ന നടപടി ഇന്ന് പൂര്ത്തിയാകിനിരിക്കെയാണ് ചെന്നിത്തലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചത്. ചെന്നിത്തലയില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തിരുന്നെങ്കിലും ക്ഷിപ്പനി മൂലമല്ലെന്നായിരുന്നു നിഗമനം. എന്നാല്‍ സംശയത്തെ തുടര്‍ന്ന് വീണ്ടും നടത്തിയ വിദഗ്ദ്ധ പരിശോധനയിലാണ് പക്ഷിപ്പനിയാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ചെന്നിത്തലയിലെ താറാവുകളെ ഇന്ന് തന്നെ കൊന്നൊടുക്കാന്‍ അധികൃതര്‍ തീരുമാനിച്ചു. പക്ഷിപനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടം ഇന്ന് പൂര്‍ത്തിയാകും. താറാവുകളെ കൊന്നൊടുക്കി ചുട്ടുകരിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇന്ന് അവസാനിക്കുക. രോഗം കണ്ടെത്തിയ നെടുമുടിയൊഴികെയുളള മേഖലകളില്‍ താറാവുകളെ കൊന്നൊടുക്കുന്ന നടപടി ഇന്നലെ പൂര്‍ത്തിയായിരുന്നു.
പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ ഇന്ന് അണുനശീകരണം ആരംഭിക്കും. ഇതിനാവശ്യമായ തൊഴിലാളികളെയും കുമ്മായം, ബ്ലീച്ചിങ് പൗഡര്‍ എന്നിവയും ലഭ്യമാക്കുന്നതിനു പഞ്ചായത്ത്, ആരോഗ്യ വകുപ്പ് അധികൃതരെ കലക്ടര്‍ ചുമതലപ്പെടുത്തിയിരുന്നു.
ഇന്നലെ വരെ 1.19 ലക്ഷം താറാവുകളെയാണ് ജില്ലയില്‍ കൊന്നൊടുക്കിയത്. ഇന്നലെ മാത്രം 60,955 താറാവുകളെ കൊന്നു. ആലപ്പുഴ ജില്ലയിലെ ആറിടങ്ങളിലാണ് താറാവുകളെ കൊന്നത് . അഞ്ചിടങ്ങളില്‍ ഇന്നലെ വൈകിട്ടോടെ പൂര്‍ത്തിയായി. ശേഷിക്കുന്ന സ്ഥലത്ത് ഇന്ന് താറാവുകളെ കൊന്നുതീര്‍ക്കും. താറാവുകളെ സംസ്കരിച്ച പ്രദേശത്ത് ആരോഗ്യവകുപ്പ് പ്രവര്‍ത്തകരെത്തി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: