ആലപ്പുഴ: പോലീസുകാര്‍ സിവില്‍ തര്‍ക്കങ്ങളില്‍ ഇടപെടരുതെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അംഗം ആര്. നടരാജന്. രണ്ടു വ്യക്തികള്‍ തമ്മില്‍ പണം നല്കാനുണ്ടെങ്കില് അതിന് സിവില്‍ കോടതിയിലൂടെ പരിഹാരം കാണണമെന്നും അത്തരം വിഷയങ്ങളില്‍ പോലീസ് ഇടപെടരുതെന്നും ഉത്തരവില്‍ പറയുന്നു.
പന്തളം എസ്ഐയായിരുന്ന അലക്സാണ്ടര്‍ തങ്കച്ചനെതിരെ വിലവൂര്‍ക്കോണം സ്വദേശി രാമസുന്ദരം സമര്‍പ്പിച്ച പരാതിയിലാണ് നടപടി. രാമസുന്ദരം കെട്ടിടങ്ങളുടെ പണി ഏറ്റെടുത്ത് നടത്തുന്നയാളാണ്. താന്‍ കെട്ടിടം പണി പൂര്‍ത്തിയാക്കിയെങ്കിലും മുഴുവന്‍ തുകയും നല്‍കിയില്ലെന്ന് ആരോപിച്ചാണ് ഹര്‍ജി സമര്‍പ്പിച്ചത്.
കുരമ്പാല സ്വദേശി അശോകന് പിള്ളയാണ് തുക നല്‍കാതിരുന്നത്. രാമസുന്ദരം അടൂര്‍ ഡിവൈഎസ്പിക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പന്തളം എസ്ഐയെ അനേ്വഷണത്തിന് ഏര്‍പ്പാടാക്കി. അനേ്വഷണത്തിന്റെ ഭാഗമായി എസ്ഐ തന്നെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു. അസഭ്യം വിളിക്കുകയും അനധികൃതമായി തടങ്കലിലാക്കുകയും ചെയ്തു.
കമ്മീഷന് അടൂര്‍ ഡിവൈഎസ്പിയില് നിന്നും വിശദീകരണം വാങ്ങിയിരുന്നു. എതിര് കക്ഷിയായ എസ്ഐ ആരോപണങ്ങള്‍ നിഷേധിച്ചു. എന്നാല്‍ വിചാരണ വേളയില്‍ രാമസുന്ദരത്തിനെതിരെ 2012ല്‍ ഇരവിപുരം സ്റ്റേഷനിലുണ്ടായിരുന്ന ഒരു പ്രഥമ വിവര റിപ്പോര്‍ട്ട് എസ്ഐ ഹാജരാക്കി. ആരോപണവുമായി യാതൊരു ബന്ധവുമില്ലാത്ത പ്രഥമ വിവര റിപ്പോര്‍ട്ട് ഹാജരാക്കുക വഴി എസ്ഐ കമ്മീഷന് മുമ്പാകെ പറഞ്ഞത് മുഴുവനായും ശരിയല്ലെന്ന് കമ്മീഷന് നിരീക്ഷിച്ചു. എന്നിരുന്നാലും മറ്റ് തെളിവുകളുടെ അഭാവത്തില്‍ എസ്ഐക്കെതിരെ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും കമ്മീഷന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: