ആലപ്പുഴ: ജില്ലയില്‍ പടര്‍ന്നു പിടിച്ച പക്ഷിപ്പനി മനുഷ്യരിലേക്ക് വ്യാപിച്ചിട്ടില്ലെന്ന് സ്ഥിരീകരണം. ആലപ്പുഴ ജില്ലയില്‍ നിന്ന് പരിശോധനയ്ക്ക് അയച്ച ഏഴ് താറാവ് സാമ്പിളുകളില്‍ ആറെണ്ണത്തിലും പക്ഷിപ്പനി ബാധയില്ലെന്നും കണ്ടെത്തി. പുതുതായി സാമ്പിളുകള്‍ അയച്ചതില്‍ പത്തനംതിട്ടയില്‍ ഒരിടത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു.
ആലപ്പുഴ ജില്ലയില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന രണ്ട് ഡോക്ടര്‍മാരില്‍ പക്ഷിപ്പനിയുടെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നു. ഇവരുടെ തൊണ്ടയിലെ ശ്രവം ദല്‍ഹിയിലെ ലാബില്‍ നടത്തിയ പരിശോധനയില്‍ പക്ഷിപ്പനിയില്ലെന്ന് സ്ഥിരീകരിച്ചു. പക്ഷിപ്പനി സ്ഥിരീകരിച്ച ഒരു കിലോമീറ്റര്‍ ചുറ്റളവിലെ പക്ഷിക്കളെ കൊല്ലുന്നതിനു മുമ്പുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തികള്‍ ആരംഭിച്ചു. ആലപ്പുഴയില്‍ സ്ഥിതി നിയന്ത്രണവിധേയമാണെന്നാണ് അധികൃതര്‍ പറയുന്നത്.
ജില്ലയില്‍ നിന്ന് പരിശോധനയ്ക്ക് അയച്ചിരുന്ന ഏഴ് താറാവ് സാമ്പിളുകളില്‍ ആറെണ്ണത്തിലും പക്ഷിപ്പനി കണ്ടെത്തിയിട്ടില്ല. അമ്പലപ്പുഴ വടക്ക് പഞ്ചായത്തില്‍ മാത്രമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇവിടെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നേരത്തെ തുടങ്ങിയതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍ പറഞ്ഞു.
രോഗം ബാധിച്ച പ്രദേശങ്ങളിലെ താറാവുകളെ ഇന്നത്തോടെ പൂര്‍ണമായും കൊന്നൊടുക്കാന്‍ സാധിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അമ്പലപ്പുഴ വടക്ക്, പുറക്കാട്, ഭഗവതിപ്പാടം എന്നിവിടങ്ങളില്‍ താറാവുകളെ പൂര്‍ണമായും കൊന്നുകഴിഞ്ഞു. നെടുമുടിയലടക്കം താറാവുകളെ കൊല്ലുന്നത് ഇന്നത്തേക്ക് പൂര്‍ത്തിയാകും. ഈ പ്രദേശങ്ങളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവുകളിലുള്ള മറ്റ് പക്ഷികളെ കൊല്ലുന്ന പ്രവര്‍ത്തികള്‍ ഉടന്‍ ആരംഭിക്കും.
മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ പനിബാധിതരെ കണ്ടെത്തുന്നതിനായി സര്‍വേ ആരോഗ്യവകുപ്പിന്റെ സ്ക്വാഡ് നടത്തുന്നുണ്ട്. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലായി ഒരു ലക്ഷത്തോളം പേര്‍ക്ക് പനി സ്ഥിരീകരിച്ചിട്ടുണ്ട്. ആലപ്പുഴ-84676, കോട്ടയം-10,075, പത്തനംതിട്ട-4245 എന്നിങ്ങനെയാണ് പനിബാധിതരുടെ എണ്ണം. രോഗപ്രതിരോധത്തിനായി 30,000 ഗുളികകള്‍ സ്റ്റോക്കുണ്ട്.
50,000 ഗുളികകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. താറാവുകളെ കൊന്നൊടുക്കിയ പ്രദേശങ്ങളില്‍ പരിസ്ഥിതി മലിനീകരണമടക്കമുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാനായി ആശാ വര്‍ക്കര്‍മാരുടെ നേതൃത്വത്തില്‍ ബോധവത്ക്കരണം ആരംഭിച്ചു. കൊന്ന താറാവുകള്‍ക്ക് നഷ്ടപരിഹാരമായി ഇന്നലെ വരെ ആലപ്പുഴയില്‍ കര്‍ഷകര്‍ക്ക് 45,52,800 രൂപ വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: