മലപ്പുറം: വരുന്ന തദ്ദേശസ്വയംഭരണതെരഞ്ഞെടുപ്പില് ബിജെപി എല്ലാ സീറ്റിലും മത്സരിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്. കഴിഞ്ഞതവണ പകുതി സീറ്റുകളില്‍ മാത്രമാണ് മത്സരിച്ചത്. എന്നാല്‍ ഇത്തവണ എല്ലാസീറ്റുകളിലും മത്സരിക്കണമെന്നാണ് പാര്‍ട്ടി കേന്ദ്രനേതൃത്വം എടുത്തിരിക്കുന്ന തീരുമാനം. മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന് അനുകൂലമായി ഉണ്ടാകുന്ന വികാരം സംസ്ഥാനത്തും തദ്ദേശസ്വയംഭരണതെരഞ്ഞെടുപ്പില് പാര്‍ട്ടിക്ക് ഗുണകരമാകുമെന്നും മുരളീധരന് മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാനത്താകമാനം പാര്‍ട്ടിയുടെ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ജയകൃഷ്ണന് മാസ്റ്റര്‍ ബലിദാനദിനാചരണത്തിന്റെ ഭാഗമായി നാളെ ജില്ലാകേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന ജനശക്തിസംഗമങ്ങളില്വെച്ച് മറ്റുപാര്‍ട്ടികളില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേരുന്നവര്‍ക്ക് അംഗത്വം വിതരണം ചെയ്യും. 14 ജില്ലകളിലായി ഒന്നരലക്ഷം പേര് നാളെ പാര്‍ട്ടിയില്‍ അംഗങ്ങളാകും. തുടര്‍ന്ന് വരുന്ന ദിവസങ്ങളില്‍ വിവിധ മേഖലകളിലെ പ്രമുഖര്‍ പാര്‍ട്ടിയില്‍ അംഗത്വമെടുക്കും.
ഡിജിറ്റല്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന് ആണ് പാര്‍ട്ടി നടത്തുന്നത്. സംസ്ഥാനത്തെ 22,000 ബൂത്തുകളിലും അംഗങ്ങള്‍ ഉണ്ടാകണമെന്ന ലക്ഷ്യംവെച്ചാണ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന് നടത്തുന്നത്. മാര്‍ച്ച് 31നാണ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന് സമാപിക്കുക. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സൂരജിനെതിരെ മാത്രമല്ല സൂരജിനെ സംരക്ഷിക്കുകയും അഴിമതിക്ക് കൂട്ടുനില്‍ക്കുകയും ചെയ്ത രാഷ്ട്രീയ നേതാക്കള്‍ക്കെതിരെയും അവരുടെ സ്വത്തുക്കളെക്കുറിച്ചും അന്വേഷണം നടത്തണം.
ബാര്‍ കോഴ വിവാദത്തില്‍ തുടര്‍ന്നുള്ള സമരപരിപാടികള്‍ക്ക് രണ്ടിന് ചേരുന്ന സംസ്ഥാനസമിതിയോഗം രൂപം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി ജില്ലാപ്രസിഡന്റ് കെ. നാരായണന് മാസ്റ്ററും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: