കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഉദ്ഘാടനം സേതു നിര്‍വഹിക്കുന്നു. എ.എന്‍ രാധാകൃഷ്ണന്, ജസ്റ്റിസ് ആര് .ഭാസ്കരന് , ഡോ.കെ.മധുസൂദനക്കുറുപ്പ്, കെ.രാധാകൃഷ്ണന്തുടങ്ങിയവര് സമീപം
കൊച്ചി: പുസ്തകം മരിക്കുന്നുവെന്ന് പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും പുസ്തകങ്ങള്‍ ഉത്സവമാകുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്നും പ്രമുഖ എഴുത്തുകാരനായ സേതു പറഞ്ഞു. എല്ലാക്കാലത്തും പുസ്തകങ്ങള്‍ക്കും അറിവിനുമെതിരെ സ്വാര്‍ത്ഥരായ ഭരണാധികാരികളും സങ്കുചിത മനസ്ഥിതിക്കാരും കലാപം ഉയര്‍ത്തിയിട്ടുണ്ട്. അതിനെയെല്ലാം അതിജീവിക്കാന്‍ പുസ്തകങ്ങള്‍ക്ക് കരുത്തുണ്ടെന്നും സേതു പറഞ്ഞു.
കേരളത്തിന്റെ സാംസ്കാരിക-സാമൂഹ്യ മുന്നേറ്റങ്ങള്‍ക്ക് കാരണമായത് പുസ്തകങ്ങളായിരുന്നു. 18-ാമത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ പുസ്തക പ്രസാധനത്തിന് അനുകൂലമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. വായന വളര്‍ത്തുന്നതില്‍ കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനങ്ങള്‍ വഹിച്ച പങ്ക് വളരെ വലുതാണ്. എന്നാല്‍ പുതിയ കാലത്ത് എഴുത്തുകാരെ അംഗീകരിക്കുന്നതിനും മനസിലാക്കുന്നതിനും മാധ്യമ പ്രവര്‍ത്തകരുള്‍പ്പെടെയുള്ളവര്‍ക്ക് കഴിയുന്നില്ലെന്നും സേതു ചൂണ്ടിക്കാട്ടി.
ഗ്രന്ഥശാല പ്രസ്ഥാനത്തെയും സാംസ്കാരിക പ്രവര്‍ത്തനങ്ങളെയും രാഷ്ട്രീയവത്കരിക്കാന്‍ അമിതമായ ശ്രമമാണ് ചില കോണുകളില്‍ നിന്നുണ്ടാകുന്നതെന്ന് ചടങ്ങില്‍ വിശിഷ്ടാതിഥി ആയിരുന്ന സാംസ്കാരിക വകുപ്പ് മന്ത്രി കെ.സി ജോസഫ് ചൂണ്ടിക്കാട്ടി. പുസ്തകോത്സവത്തിന്റെ ബുള്ളറ്റിന് പ്രകാശനം പ്രൊഫ.കെ.വി തോമസ് എം.പി നിര്‍വ്വഹിച്ചു.ഫിഷറീസ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.കെ.മധുസൂദനക്കുറുപ്പ് ആദ്യ പ്രതി ഏറ്റുവാങ്ങി. സംഘാടക സമിതി ചെയര്മാന് ജസ്റ്റിസ് ആര് .ഭാസ്കരന് അധ്യക്ഷനായിരുന്നു.
പി.എസ്.സി ചെയര്മാന് ഡോ.കെ.എസ് രാധാകൃഷ്ണന്, ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്, സംഘാടക സമിതി കണ്‍വീനര്‍ കെ.രാധാകൃഷ്ണന് എന്നിവരും സംസാരിച്ചു. പത്തുദിവസത്തെ പുസ്തകോത്സവത്തില്‍ നൂറിലേറെ പ്രമുഖ പ്രസാധകര് പങ്കെടുക്കുന്നുണ്ട്. കലാ-സാംസ്കാരിക പരിപാടികള്‍, സെമിനാറുകള്‍ തുടങ്ങിയവയും പുസ്തകോത്സവത്തിന്റെ ഭാഗമായി നടക്കും. പ്രമുഖ എഴുത്തുകാര്‍ വരും ദിവസങ്ങളില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: