കാക്കനാട്: ഭാരത ക്രൈസ്തവ സഭ ആതുര ശുശ്രൂഷാ രംഗത്തും വിദ്യാഭ്യാസ മേഖലയിലും സമഗ്ര സംഭാവനകളാണ് നല്‍കിയിട്ടുള്ളതെന്ന് വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ്പ് ഡോ. സാല്‍വത്തോറെ പെനാക്കിയോ പറഞ്ഞു. ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെയും എവുപ്രാസ്യമ്മയുടെയും വിശുദ്ധപദവി പ്രഖ്യാപനത്തോടനുബന്ധിച്ചുള്ള ആഘോഷ പരിപാടിയിലെ പൊതുസമ്മേളനം കാക്കനാട് രാജഗിരി വാലിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലാണ് ക്രൈസ്തവ മിഷനറിമാര്‍ തങ്ങളുടെ ജനനന്മക്കായുള്ള സ്ഥാപനങ്ങള്‍ ആരംഭിച്ചത്. അതിനാല്‍ ഈ രംഗത്തു യേശുദേവനെ അനുകരിക്കുന്ന രണ്ടു വിശുദ്ധമാതാക്കളെയും പിതാവിനേയും ഭാരത മക്കള്‍ക്ക് ലഭിച്ചു, അദ്ദേഹം പറഞ്ഞു.
പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അധ്യക്ഷത വഹിച്ചു. ഭാരതത്തിലെ സഹസ്രാബ്ദങ്ങളോളം പഴക്കമുള്ള സന്യാസ സമൂഹത്തിന്റെ പരമ്പരയുടെ ഒടുവിലത്തെ കണ്ണികളാണ് വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ട അല്‍ഫോന്‍സാമ്മയും ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനും എവുപ്രാസ്യമ്മയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഈ ആദ്ധ്യാത്മിക പൈതൃകമാണ് ലോകത്തിനു നാം ഇവരിലൂടെ കാട്ടിക്കൊടുത്തിരിക്കുന്നത്, ഉമ്മന്‍ചാണ്ടി പറഞ്ഞു. അയ്യങ്കാളി, ശ്രീനാരായണഗുരു, ചട്ടമ്പി സ്വാമികള്‍, വൈകുണ്ഠ സ്വാമികള്‍ എന്നിവരോടൊപ്പമാണ് ചാവറയച്ചന്റെ സ്ഥാനം. ചടങ്ങില്‍ മന്ത്രിമാര്‍, എംപിമാര്‍, ജനപ്രതിനിധികള്‍ തുടങ്ങി നിരവധി പേര് സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: