മാവേലിക്കര: വീട്ടമ്മയെ കഴുത്തു ഞെരിച്ച് കൊന്ന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷിച്ചു. കായംകുളം ചേരാവള്ളി ഇര്‍ഷാദ് മന്‍സിലില്‍ പൂക്കുഞ്ഞിന്റെ ഭാര്യ റഷീദ (45)യെ കഴുത്തു ഞെരിച്ച് കൊന്ന കേസില്‍, പാലക്കാട് പറളി കിണാവല്ലൂര്‍ കരയില്‍ വഴുക്കപ്പാറ വാളാര വീട്ടില്‍ സുനില്‍കുമാറി (30)നെയാണ് കുറ്റക്കാരനെന്ന് കണ്ട് മാവേലിക്കര അഡീഷണല്‍ ജില്ലാ ആന്റ് സെഷന്‍സ് ജഡ്ജ്-1 മുഹമ്മദ് വസിം ശിക്ഷ വിധിച്ചത്.
പിഴത്തുക കൊല്ലപ്പെട്ട റഷീദയുടെ ഭര്‍ത്താവിന് നല്‍കണം. ഇതിനൊപ്പം സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്തതിന് അഞ്ചു വര്‍ഷം അധികതടവും 10,000 രൂപ ശിക്ഷയും വിധിച്ചിട്ടുണ്ട്. പിഴ തുക അടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം അധിക തടവ് അനുഭവിക്കണം. 2010 ജൂലൈ 11നായിരുന്നു കേസിനാസ്പദമായ സംഭവം. മഞ്ചേരിയില്‍ വര്‍ക്ക്ഷോപ്പിലെ ജീവനക്കാരനായിരുന്ന പ്രതി കൊല്ലപ്പെട്ട റഷീദയുമായി മൊബൈല്‍ ഫോണ്‍ വഴിയാണ് പരിചയപ്പെട്ടത്. സംഭവ ദിവസം രാത്രിയില്‍ മഞ്ചേരിയില്‍ നിന്നും പ്രതി റഷീദയുടെ വീട്ടിലെത്തി.
റഷീദയുടെ ഭര്‍ത്താവ് അറിയാതെ വീടിനുള്ളില്‍ കയറിയ ഇയാള്‍ റഷീദയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. പിന്നീട് റഷീദയുടെ ഭര്‍ത്താവ് ഉറങ്ങിയതിനു ശേഷം തെറ്റിദ്ധരിപ്പിച്ച് റഷീദയ്ക്ക് മയക്കുഗുളിക നല്കി. ഇതിനു ശേഷം കഴുത്തു ഞെരിച്ച് കൊന്ന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന് രക്ഷപ്പെടുകയായിരുന്നു.
12ന് പുലര്‍ച്ചെയാണ് കൊലപാതകം അറിയുന്നത്. തുടര്‍ന്ന് പരസ്പര വിരുദ്ധമായ മൊഴി നല്കിയ റഷീദയുടെ ഭര്‍ത്താവിനെ പ്രതിയെന്നു കരുതി പോലീസ് കസ്റ്റഡിയില്‍ എടുത്തു. പിന്നീട് പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് സുനില്‍കുമാറാണ് പ്രതിയെന്ന് കണ്ടെത്തിയത്. റഷീദയുടെ ഫോണ്‍ കോളുകള്‍ പരിശോധിച്ചതില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
സുനില്‍കുമാറിന്റെ വീടിനു സമീപത്തുനിന്നും പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ച നിലയില്‍ റഷീദയുടെ സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തിയിരുന്നു. പ്രതി വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റി, പ്രതിയുടെ തലമുടി ഡിഎന്‍എ പരിശോധനയിലൂടെ പ്രതിയുടെ സാന്നിദ്ധ്യം പോലീസ് സ്ഥിരീകരിച്ചിരുന്നു. കായംകുളം സിഐ: വിനോദ് പിള്ളയാണ് കേസ് അന്വേഷണം നടത്തിയത്. 39 സാക്ഷികളെയും 17 തൊണ്ടിമുതലും പോലീസ് കോടതിയില്‍ ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ. സാം വര്‍ഗീസ് ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: